ന്യൂഡൽഹി,ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ മേഖലയിൽ ഉണ്ടായ വലിയ വികസനത്തിൽ, ദേശീയ പാത ശൃംഖല വെറും ഒമ്പത് വർഷത്തിനുള്ളിൽ 55,000 കിലോമീറ്ററുകളുടെ വർദ്ധനവിനു സാക്ഷ്യം വഹിച്ചു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ വിവരം ഇന്നലെ പാർലമെന്റിൽ അറിയിച്ചത്.
നിലവിലെ ദേശീയ പാത ശൃംഖലയുടെ ആകെ നീളം ഏകദേശം 146,145 കിലോമീറ്ററാണ്, 2014-ൽ രേഖപ്പെടുത്തിയ 91,287 കിലോമീറ്ററിൽ നിന്ന് ഗണ്യമായ വർദ്ധനവാണിത്. ഇത് ഒരു ദശാബ്ദത്തിനുള്ളിൽ 55,000 കിലോമീറ്ററിൻ്റെ വളർച്ച രേഖപെടുത്തുന്നു.
കൂടാതെ, വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,609 ദേശീയ പാത പദ്ധതികൾ നിലവിൽ നടക്കുന്നുണ്ടെന്നും മന്ത്രി ഗഡ്കരി എടുത്തുപറഞ്ഞു. തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി പ്രദാനം ചെയ്യുക, വ്യാപാരവും ലോജിസ്റ്റിക്സും സുഗമമാക്കുക, ടൂറിസം പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിന് സംഭാവന ചെയ്യുക എന്നിവയാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്.
ഈ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സമഗ്രമായ തയ്യാറെടുപ്പിന് ശേഷം പ്രോജക്ടുകൾ നൽകൽ, ഭൂമി ഏറ്റെടുക്കൽ പ്രക്രിയകൾ കാര്യക്ഷമമാക്കൽ, പ്രോജക്ട് രൂപകല്പനകൾക്കുള്ള അംഗീകാര നടപടിക്രമങ്ങൾ ലളിതമാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു, ഗഡ്കരി പറഞ്ഞു