ഫ്ലോറിഡയിലെ ഇന്റർ മിയാമി ഫുട്ബോൾ ക്ലബ്ബിന്റെ ജഴ്സിയിൽ വരുന്ന സീസണിൽ മാറ്റം വരുന്നു. പ്രധാന സ്പോൺസറായിരുന്ന ക്രിപ്റ്റോ കമ്പനി എക്സ്ബിടിക്യു (XBTO)യുടെ സ്ഥാനത്ത് ലോകപ്രശസ്ത ക്രൂയിസ് കമ്പനിയായ റോയൽ കരീബിയന്റെ ചിഹ്നം ഇടംപിടിക്കും. ഈ ബഹുവത്സര പങ്കാളിത്തം ക്ലബ്ബിൻ്റെ ഒരു പ്രധാന നീക്കമാണ്.
ഏറ്റവും വലിയ ക്രൂയിസ് കമ്പനികളിലൊന്നായ റോയൽ കരീബിയൻ ഈ വാർത്ത അടുത്തിടെ നടന്ന ഒരു പരിപാടിയിൽ പുറത്തുവിട്ടു. മെസ്സിയുടെയും ഇന്റർ മിയാമിയുടെയും ആഗോള സ്വാധീനം പ്രയോജനപ്പെടുത്തി ആരാധകരുമായി കൂടുതൽ അടുക്കാനും ക്രൂയിസ് ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. സാമ്പത്തിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
“ഈ പങ്കാളിത്തം ബ്രാൻഡിംഗിനപ്പുറമാണ്,” റോയൽ കരീബിയൻ ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായ ജേസൺ ലിബർട്ടി പറഞ്ഞു. “മെസ്സിയുടെ ആഗോള ആരാധകരെയും ഇന്റർ മിയാമിയുടെ പ്രാദേശിക സ്വാധീനവും പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള ആരാധകരുമായി ബന്ധം സ്ഥാപിക്കാനും ക്രൂയിസ് വ്യവസായത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ താല്പര്യപെടുന്നു.”
ഈ നീക്കം ഇരു കൂട്ടർക്കും തന്ത്രപരമാണ്. ലോകപ്രശസ്ത ഫുട്ബോൾ താരമായ മെസ്സി ഇന്റർ മിയാമിയിൽ രണ്ടാം സീസണിലേക്ക് കടക്കുകയാണ്. റോയൽ കരീബിയൻ കോവിഡ് -19നു ശേഷമുള്ള വീണ്ടെടുപ്പിലാണ്. 2024 -ൽ ക്രൂയിസ് വ്യവസായം ശക്തമായ വളർച്ച പ്രതീക്ഷിക്കുന്നു.
ഫുട്ബോൾ മേഖലയ്ക്ക് പുറത്തേക്കുള്ള മെസ്സിയുടെ ആദ്യ സംരംഭമല്ല ഇത്. അടുത്തിടെ ഹാർഡ് റോക്ക് ഇന്റർനാഷണലുമായി ചേർന്ന് സ്വന്തം പേരിലുള്ള ചിക്കൻ സാൻഡ്വിച്ച് പുറത്തിറക്കുകയും റോയൽ കരീബിയന്റെ “ഐക്കൺ ഓഫ് ദി സീസ്” കപ്പലിന്റെ പ്രഖ്യാപനത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. തന്റെ സ്റ്റാർ പവർ ഉപയോഗിച്ച് പുതിയ ആരാധകരെ ആകർഷിക്കുന്ന ബ്രാൻഡുകൾക്ക് അദ്ദേഹം വിലമതിക്കാനാകാത്ത മുതൽക്കൂട്ടാണ്.