
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ 25കാരിയായ യുവതിയുടെ വയറ്റിൽ നിന്ന് 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. 45 സെന്റീമീറ്റർ നീളവും 45 സെന്റീമീറ്റർ വീതിയുമുള്ള മുഴ രണ്ട് മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.

യുവതിയുടെ വയർ അസാധാരണമായി വീർത്ത് തുടങ്ങിയതിനെ തുടർന്നാണ് ചികിത്സ തേടിയത്. വിശദമായ പരിശോധനകൾക്കുശേഷം അണ്ഡാശയത്തിൽ വൻ മുഴ കണ്ടെത്തുകയും ശസ്ത്രക്രിയക്ക് തീരുമാനമെടുക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീതിന്റെ നിര്‍ദേശപ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. മോളി സാം, അസി. പ്രൊഫസര്‍ ഡോ. സി എം സിദ്ദീഖ്, സീനിയര്‍ റസിഡന്റ് ഡോ. എമില്‍ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ വിഭാഗത്തില്‍ നിന്നുള്ള പ്രൊഫസര്‍ ഡോ. എന്‍ തസ്നിം മുഹമ്മദ്, അസി. പ്രൊഫസര്‍ ഡോ. ലക്ഷ്മി വി. നായര്‍, സീനിയര്‍ റസിഡന്റ് ഡോ. റിഥുല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നഴ്സിങ് ഓഫീസര്‍ പി എസ് അശ്വതി, തിയറ്റര്‍ അസിസ്റ്റന്റ് പി വി പ്രബോധ് ചന്ദ്രന്, നഴ്സിങ് അസിസ്റ്റന്റ് എന്‍ പി മിനി, ഹെഡ് നഴ്സുമാരായ ദീപ മാണി, പി എം സീമ എന്നിവരടങ്ങുന്ന സംഘത്തിന്റെ ഏകോപിത ശ്രമമാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്.
അപൂർവവും സങ്കീർണവുമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയ മെഡിക്കൽ കോളേജിലെ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.