
തലശ്ശേരി: ഫുട്ബോളിനെ ജീവൻ പോലെ സ്നേഹിച്ചിരുന്ന തലശ്ശേരി റോവേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ സെക്രട്ടറി വി.എം. ബാബുരാജ് (73) അന്തരിച്ചു. ബാബുവേട്ടന്റെ നിര്യാണം തലശ്ശേരിയിലുടനീളം കായികപ്രേമികളെ ദുഃഖത്തിലാഴ്ത്തി.

അരനൂറ്റാണ്ടിലേറെക്കാലമായി ഫുട്ബോൾ രംഗത്ത് സജീവമായിരുന്ന അദ്ദേഹം, ആയിരക്കണക്കിന് യുവതാരങ്ങൾക്ക് പരിശീലനം നൽകി സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1976-77 കാലഘട്ടത്തിൽ രൂപീകരിച്ച തലശ്ശേരി റോവേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ സ്ഥാപക ജോയിന്റ് സെക്രട്ടറിയായിരുന്ന ബാബുരാജ്, പിന്നീട് ദീർഘകാലം ക്ലബ്ബിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു.
കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റായും ഒരു വർഷത്തിലേറെ ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ച അദ്ദേഹം, ജില്ലയിലെ കായിക രംഗത്ത് സുപരിചിതനായ വ്യക്തിയായിരുന്നു. വിവിധ ഫുട്ബോൾ ടൂർണമെന്റുകളിൽ സജീവ സാന്നിധ്യമായിരുന്ന ബാബുവേട്ടൻ, മറ്റ് ക്ലബ്ബുകൾക്കും പിന്തുണ നൽകിയിരുന്നു.
എംബിബിഎസ് പഠനത്തിന് അവസരം ലഭിച്ചിട്ടും ഫുട്ബോളിനോടുള്ള അടുപ്പം മൂലം അത് ഉപേക്ഷിച്ച അദ്ദേഹം, പിന്നീട് ആരംഭിച്ച മെഡിക്കൽ വിതരണ സ്ഥാപനവും കായികപ്രവർത്തനങ്ങൾക്കായി വിട്ടുനൽകി.
ഭാര്യ: കെ. സുമ. മക്കൾ: തരുൺ രാജ്, മിഥുൻ രാജ്, അതുൽ രാജ്.
പൊതു ദർശനം ഏപ്രിൽ 7 രാവിലെ തലശ്ശേരി സ്റ്റേഡിയത്തിൽ നടക്കും. തുടർന്ന് സംസ്കാരം എരഞ്ഞോളി കുണ്ടുചിറയിലെ വൈദ്യുത ശ്മശാനത്തിൽ ഉച്ചയ്ക്ക് നടക്കും.
ബാബുവേട്ടന്റെ നിര്യാണം തലശ്ശേരി ഫുട്ബോൾ ലോകത്തിന് വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു.