മാലിന്യത്തിൽ നിന്ന് പ്രകൃതി വാതകം ഉത്പാദിപ്പിക്കാൻ ബ്രഹ്മപുരത്ത് സിഎൻജി പ്ലാന്റ് സ്ഥാപിക്കും
മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവർ ബിപിസിഎൽ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
സംസ്ഥാന സർക്കാർ ബ്രഹ്മപുരത്ത് പദ്ധതിക്കായി സ്ഥലം അനുവദിക്കും. കമ്പനി പ്ലാന്റ് സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും. പൈപ്പ് ലൈനുകൾ വഴിയാണ് ഗ്യാസ് കമ്പനി യൂണിറ്റുകളിലേക്ക് എത്തിക്കുക. പ്ലാന്റിലേക്ക് പൈപ്പ് ലൈൻ കണക്റ്റിവിറ്റി സ്ഥാപിക്കുന്നത് കമ്പനിക്ക് ലോജിസ്റ്റിക് ആയി എളുപ്പമാകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ഇതോടൊപ്പം ഉത്പാദിപ്പിക്കുന്ന ജൈവവളം വിപണിയിലെത്തിക്കും. കോർപ്പറേഷനും മുനിസിപ്പാലിറ്റികളും തരംതിരിച്ച മാലിന്യം പ്ലാന്റിന്റെ ദൈനംദിന പ്രവർത്തനത്തിന് ലഭ്യമാക്കുമെന്ന് ഉറപ്പാക്കും.
കൊച്ചിയിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായുള്ള നിർണായക ചുവടുവയ്പായിരിക്കും തീരുമാനമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഒരു വർഷത്തിനകം പ്ലാന്റ് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊച്ചിയുടെ കാലാവസ്ഥയ്ക്ക് പ്രകൃതി വാതക പ്ലാന്റ് കൂടുതൽ അനുയോജ്യമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിർദേശവുമായി ബിപിസിഎൽ രംഗത്തെത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിൽ നടത്തുമെന്ന് മന്ത്രി അറിയിച്ചു.