You are currently viewing മാലിന്യം വലിച്ചെറിഞ്ഞതിന് ചുമത്തിയത് 11.01 കോടി രൂപ പിഴ, സിംഗിൾ വാട്ട്സ്ആപ്പ് നമ്പറിലൂടെ പരാതിപ്പെടാം.

മാലിന്യം വലിച്ചെറിഞ്ഞതിന് ചുമത്തിയത് 11.01 കോടി രൂപ പിഴ, സിംഗിൾ വാട്ട്സ്ആപ്പ് നമ്പറിലൂടെ പരാതിപ്പെടാം.

തിരുവനന്തപുരം : മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ തദ്ദേശസ്വയംഭരണ വകുപ്പ് ആരംഭിച്ച സിംഗിൾ വാട്ട്സാപ്പ് നമ്പർ (9446700800) ഒരു വർഷം പൂർത്തിയാക്കി. പൊതുജനങ്ങളുടെ മികച്ച പിന്തുണയോടെയാണ് പദ്ധതി മുന്നേറിയതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

വാട്ട്സാപ്പിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ മാത്രം 61,47,550 രൂപ പിഴ ചുമത്തുകയും, തെളിവുകളോടെ വിവരം നൽകിയ പൊതുജനങ്ങൾക്ക് 1,29,750 രൂപ പാരിതോഷികം അനുവദിക്കുകയും ചെയ്തു. 63 കേസുകളിൽ പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് ചുമത്തിയ ആകെ പിഴ 11.01 കോടി രൂപയാണ്. ഇതിൽ 5.58% വാട്ട്സാപ്പ് നമ്പറിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ്.

മൊത്തം 12,265 പരാതികളിൽ 7,912 എണ്ണം തെളിവുകളോടെ ലഭിച്ചു. ഇതിൽ 7,362 കേസുകളിലും നടപടി സ്വീകരിച്ചു. പരാതിക്കാരന് വിവരങ്ങൾ നൽകാനായിട്ടില്ലാത്ത കേസുകളിലും സ്ഥലത്തെ മാലിന്യം നീക്കി പരിഹാരം കണ്ടെത്തി. ഇങ്ങനെ 93.05% പരാതികൾക്കും പരിഹാരം കണ്ടതായി മന്ത്രി വ്യക്തമാക്കി. ശേഷിക്കുന്ന 550 പരാതികളിൽ തുടർനടപടികൾ തുടരുകയാണ്.

വാട്ട്സാപ്പ് നമ്പർ വഴി ഏറ്റവുമധികം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം (2100) ജില്ലയിൽ നിന്നാണ്. തുടർന്ന് എറണാകുളം (2028) ജില്ല. ഏറ്റവും കുറവ് പരാതി ലഭിച്ചത് വയനാട് ജില്ലയിൽ (155) നിന്നാണ്.

പദ്ധതിയിലൂടെ ജനങ്ങളുടെ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെട്ടതായി മന്ത്രി പറഞ്ഞു. ആദ്യം 2,500 രൂപയായി നിശ്ചയിച്ചിരുന്ന പാരിതോഷികത്തിന്റെ പരിധി പിന്നീട് ഒഴിവാക്കി, ചുമത്തുന്ന പിഴയുടെ നാലിലൊന്ന് നിരപ്പിൽ പരിധിയില്ലാതെ വിതരണം ചെയ്യാൻ ഉത്തരവിട്ടിരുന്നു.

പദ്ധതി നടപ്പിലാക്കിയ ഇൻഫർമേഷൻ കേരള മിഷനെയും ശുചിത്വമിഷനെയും, തുടർനടപടികൾ സ്വീകരിച്ച തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. “നാടിന്റെ ശുചിത്വത്തിനായി പൊതുജനങ്ങളുടെ ജാഗ്രത തുടരണം. നിയമലംഘനങ്ങൾ 9446700800 എന്ന വാട്ട്സാപ്പ് നമ്പറിൽ റിപ്പോർട്ട് ചെയ്ത് പാരിതോഷികം നേടാനുള്ള അവസരം ജനങ്ങൾ പ്രയോജനപ്പെടുത്തണം” എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply