1970കളിലെയും 1980കളിലെയും ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനങ്ങൾക്ക് പേരുകേട്ട ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്രെഗ് ചാപ്പലിന് വേണ്ടി
അടുത്തിടെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) ഒരു ധനസമാഹരണം സംഘടിപ്പിച്ചു.എഡ്ഡി മക്ഗുയർ ആതിഥേയത്വം വഹിച്ച പരിപാടിയിൽ ഇയാൻ, ട്രെവർ ചാപ്പൽ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നു. ഇതിനു പുറമേ ക്രിക്കറ്റ് ഇതിഹാസത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായി ഒരു ഗോഫണ്ട് മീ എന്ന പേജ് സ്ഥാപിച്ചു.
87 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 24 സെഞ്ചുറികൾ നേടിയ ചാപ്പലിനു ഒരു മികച്ച കരിയർ ഉണ്ടായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയ കെറി പാക്കറുടെ വേൾഡ് സീരീസ് ക്രിക്കറ്റിലേക്ക് കൂറുമാറിയ ഡെന്നിസ് ലില്ലി, റോഡ് മാർഷ് എന്നിവരോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.
മുൻ ക്രിക്കറ്റ് താരങ്ങൾ ആഡംബരപൂർണ്ണമായ ജീവിതശൈലിയാണ് നയിക്കുന്നതെന്ന് പൊതു സമൂഹം ധരിച്ചിരുന്നെങ്കിലും, തന്റെ കാലഘട്ടത്തിലെ പല കളിക്കാരും അങ്ങനെയല്ലെന്ന് ചാപ്പൽ പ്രസ്താവിച്ചു. തനിക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലല്ലെങ്കിലും ഇന്നത്തെ താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം താൻ നേടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങൾ ക്രിക്കറ്റ് കളിച്ചതിനാൽ നാമെല്ലാവരും ആഡംബരത്തിന്റെ മടിത്തട്ടിലാണ് ജീവിക്കുന്നതെന്ന് മിക്ക ആളുകളും കരുതുന്നു. ഞാൻ കടുത്ത ദാരിദ്യത്തിലല്ലെങ്കിലും ഇന്നത്തെ കളിക്കാർ അനുഭവിക്കുന്ന നേട്ടങ്ങൾ ഞങ്ങൾ കൊയ്യുന്നില്ല.” ഒരു ഓസ്ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ചാപ്പൽ പ്രസ്താവിച്ചു,
ഭവനരഹിതർക്കായി പണം സ്വരൂപിക്കുന്ന ചാപ്പൽ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ സംഘടനയുടെ സ്ഥാപകനാണ് ചാപ്പൽ. സമാഹരിക്കുന്ന ഓരോ ഡോളറും ഈ ലക്ഷ്യത്തിനായി സംഭാവന ചെയ്യപ്പെടുന്നുവെന്നും അതൊന്നും തനിക്കായി സൂക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ചാപ്പലിന്റെ അടുത്ത സുഹൃത്തായ പീറ്റർ മലോണി, ചാപ്പൽ വെളിപെടുത്തുന്നതിനേക്കാൾ കൂടുതൽ വെല്ലുവിളികൾ അദ്ദേഹം നേരിടുന്നുണ്ടെന്ന് പറഞ്ഞു.
മലോനി പറഞ്ഞു, “ചാപ്പൽ ഫൗണ്ടേഷൻ സമാഹരിച്ച പണത്തിന്റെ 100 ശതമാനവും വിതരണം ചെയ്യപ്പെടുന്നു. അവർ അത് വർഷം തോറും വിതരണം ചെയ്യുന്നു. നിങ്ങളുടെ പേര് ഒരു ഫൗണ്ടേഷനിൽ ഉൾപ്പെടുത്തിയാൽ, അതിൽ നിന്ന് കുറച്ച് പണം എടുക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. എന്നാൽ ഗ്രെഗ് അതിൽ നിന്ന് ഒരു സെന്റും എടുത്തിട്ടില്ല”
ഗോഫണ്ട് മീ കാമ്പെയ്‌ൻ ഇതിനകം 72,000 ഡോളർ സമാഹരിച്ചു, ഇത് ക്രിക്കറ്റ് സമൂഹത്തിന് ചാപ്പലിനോടുള്ള ഉയർന്ന ആദരവും സ്നേഹവും പ്രകടമാക്കുന്നു.
തന്റെ ക്രിക്കറ്റ് കഴിവിന് പുറമേ, ടാലന്റ് സ്കൗട്ടായും ദേശീയ സെലക്ടർ എന്ന നിലയിലും ചാപ്പൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.