മണിപ്പൂരിലെ നിലവിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) 50 കമ്പനികളെ കൂടി കേന്ദ്ര സർക്കാർ മണിപ്പൂരിലേക്ക് അയയ്‌ക്കുന്നതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഇന്നലെ ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമാനമായ സുരക്ഷാ അവലോകന യോഗത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷം ആണ് ഈ നടപടി. മേഖലയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് അടിയന്തരവും ആവശ്യമായതുമായ നടപടികൾ സ്വീകരിക്കാൻ സുരക്ഷാ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മണിപ്പൂരിൽ നിന്ന് കുറച്ചു ദിവസങ്ങളായി ഇടയ്ക്കിടെയുള്ള അക്രമങ്ങളും അശാന്തിയും റിപ്പോർട്ട് ചെയ്യുന്നു. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ അസ്ഥിരമായ സാഹചര്യങ്ങൾ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് അധിക സിഎപിഎഫ് ഉദ്യോഗസ്ഥരെ അയക്കാനുള്ള കേന്ദ്രത്തിൻ്റെ തീരുമാനം.