റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച പ്രകടനത്തിൻ്റെ പിൻബലത്തിൽ അൽ നാസർ യുഎസ് മൊണാസ്റ്റിറിനെ 4-1ന് തോൽപ്പിച്ചു. റൊണാൾഡോയുടെ 74-ാം മിനിറ്റിലെ ഹെഡർ അദ്ദേഹത്തിൻ്റെ 145-ാം ഹെഡ്ഡർ ഗോളായിരുന്നു.ഗെർഡ് മുള്ളറുടെ 144 ഗോളുകളുടെ മുൻ റെക്കോർഡ് മറികടന്നു ഹെഡ്ഡർ ഗോളുകളുടെ എണ്ണത്തിൽ റൊണാൾഡോ റെക്കോഡ് സ്ഥാപിച്ചു.
കഴിഞ്ഞ മത്സരത്തിൽ അൽ-ഷബാബിനെതിരെ ഒരു ഗോൾ രഹിത സമനില വഴങ്ങിയതിനെത്തുടർന്ന് അൽ നാസറിന് ഈ വിജയം നിർണായകമായിരുന്നു. മുൻ ലെൻസ് ക്യാപ്റ്റൻ സെക്കോ ഫൊഫാനയ്‌ക്കൊപ്പം അൽ നാസറിന്റെ ആക്രമണ തന്ത്രത്തിൽ മുൻ ഇന്റർ മിലാൻ താരം മാർസെലോ ബ്രോസോവിച്ച് നിർണായക പങ്ക് വഹിച്ചു.
42-ാം മിനിറ്റിൽ ബ്രോസോവിച്ച് ആക്രമണത്തിന് തുടക്കമിട്ടതാണ് വഴിത്തിരിവായത്, അത് ആൻഡേഴ്സൺ ടാലിസ്കക്ക് ആദ്യ ഗോൾ നേടാൻ അവസരം ഒരുക്കി കൊടുത്തു ,എന്നിരുന്നാലും അൽ നാസറിന്റെ ഡിഫൻഡർ അലി ലജാമിയുടെ നിർഭാഗ്യകരമായ സെൽഫ് ഗോൾ, യുഎസ് മൊണാസ്റ്റിറിനെ സമനിലയിലെത്തിച്ചു.
എന്നാൽ റൊണാൾഡോയുടെ തിളക്കമാർന്ന നിമിഷം അധികം താമസിക്കാതെ എത്തി, തന്റെ കരിയറിലെ 839-ാം ഗോൾ നേടി, ഹെഡർ ഗോളുകളുടെ റെക്കോർഡ് തകർത്ത് സ്റ്റേഡിയത്തെ സന്തോഷിപ്പിച്ചു. റൊണാൾഡോയുടെ ഗോളിന് ശേഷം കളിയുടെ ഗതി പൂർണ്ണമായും അൽ നാസറിന് അനുകൂലമായി മാറി, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അബ്ദുല്ല അൽ-അമ്രിയും അബ്ദുൽ അസീസ് സൗദ് അൽ എലേവായും തുടർച്ചയായി രണ്ട് ഗോളുകൾ നേടി.
ഈ വിജയം കിംഗ് സൽമാൻ ക്ലബ് കപ്പിൽ അൽ നാസറിനെ അവരുടെ ഗ്രൂപ്പിൽ ഒന്നാമതെത്തിച്ചു, അൽ ഷബാബുമായി പോയിന്റ് സമനിലയിലാണെങ്കിലും ഗോൾ വ്യത്യാസത്തിൽ മുന്നിലെത്തി. അതിനിടെ, യുഎസ് മൊണാസ്റ്റിർ അവരുടെ ഗ്രൂപ്പിൽ ഒരു പോയിന്റ് പോലുമില്ലാതെ പട്ടികയുടെ ഏറ്റവും അവസാന സ്ഥാനത്താണ്.
ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളുടെ അവസാന റൗണ്ടിൽ അൽ നാസർ വ്യാഴാഴ്ച ഈജിപ്ഷ്യൻ ടീമായ സമലേക് എസ്‌സിയെ നേരിടും, മൊണാസ്റ്റിർ അൽ ഷബാബുമായി മത്സരിക്കും.