ഭൂമിയിൽ നിന്ന് 1,232 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന WASP-193b എന്ന അസാധാരണമായ ഒരു എക്സോപ്ലാനറ്റ് (നമ്മുടെ സൗരയുഥത്തിന് പുറത്ത് മറ്റേതെങ്കിലും നക്ഷത്രത്തെ വലയം ചുറ്റുന്ന ഗ്രഹം )ശാസ്ത്രജ്ഞർ കണ്ടെത്തി. ഈ ഗ്രഹം, വ്യാഴത്തേക്കാൾ 50 ശതമാനം വലുതാണെങ്കിലും,പഞ്ഞി മിഠായി പോലെ കുറഞ്ഞ സാന്ദ്രത മാത്രമേയുള്ളു. അതിന്റെ മൊത്തത്തിലുള്ള സാന്ദ്രത ഭൂമിയുടെ സാന്ദ്രതയുടെ 1 ശതമാനം മാത്രമാണ്, ഈ സാന്ദ്രത കുറവ് ഗ്രഹത്തെ അസാധാരണമാംവിധം മൃദുവായ ഒരു ലോകമാക്കി മാറ്റുന്നു.
WASP-193b പോലുള്ള എക്സോപ്ലാനറ്റുകൾ അപൂർവമാണ്, പക്ഷേ ഗ്രഹ പരിണാമത്തെക്കുറിച്ച് വിലയേറിയ ഉൾക്കാഴ്ചകൾ നൽകുന്നു. ബെൽജിയത്തിലെ ലീജ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞൻ ഖാലിദ് ബർകൗയിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്.
WASP-193b, WASP-193 എന്ന സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നുണ്ട്. അതിൻ്റെ വളരെ സമീപത്ത് സ്ഥിതി ചെയുന്നതിനാൽ ഓരോ 6.25 ദിവസത്തിലും ഇത് അതിന്റെ നക്ഷത്രത്തിന് ചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നു. എക്സോപ്ലാനറ്റ് നക്ഷത്രത്തിന് ചുറ്റും സഞ്ചരിക്കുമ്പോൾ അതിന്റെ പ്രകാശത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചാണ് ഗവേഷകർ ഗ്രഹത്തിന്റെ ആരവും (Radius)പിണ്ഡവും(Mass) കണക്കാക്കിയത്. WASP-193b ന്റെ ആരം വ്യാഴത്തിന്റെ ഏകദേശം 1.46 മടങ്ങാണ്, അതേസമയം അതിന്റെ പിണ്ഡം വ്യാഴത്തിന്റെ 0.139 മടങ്ങ് മാത്രമാണ്.
ഭൂമിയുടെ സാന്ദ്രത ഒരു ക്യുബിക് സെന്റിമീറ്ററിൽ 5.51 ഗ്രാമും വ്യാഴത്തിന്റെ സാന്ദ്രത 1.33 ഗ്രാമും എന്നതിൽ നിന്ന് വ്യത്യസ്തമായി, എക്സോപ്ലാനറ്റിന്റെ സാന്ദ്രത ഒരു ക്യൂബിക് സെന്റിമീറ്ററിന് 0.059 ഗ്രാം മാത്രമാണ്. ഈ കുറഞ്ഞ സാന്ദ്രത സൂചിപ്പിക്കുന്നത് WASP-193b യുടെ അന്തരീക്ഷം വികസിച്ചിട്ടുണ്ടെന്നാണ്. ഒരുപക്ഷേ അതിന്റെ നക്ഷത്രവുമായുള്ള സാമീപ്യവും ചൂടും കാരണമായിരിക്കാം അങ്ങനെ സംഭവിക്കുന്നത്.
എന്നിരുന്നാലും, പഞ്ഞി മിഠായി പോലെയുള്ള ഈ അസാധാരണമായ അവസ്ഥ നിലവിലെ ഗ്രഹ പരിണാമ മാതൃകകൾക്ക് ചില വെല്ലുവിളികൾ അവതരിപ്പിക്കുന്നു. WASP-193b ക്ക് ആതിഥേയത്വം വഹിക്കുന്ന നക്ഷത്രത്തിന് ഏകദേശം 6 ബില്യൺ വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിനർത്ഥം ഗ്രഹത്തിന് കാലക്രമേണ അതിന്റെ വികസിത അന്തരീക്ഷം നഷ്ടപ്പെടണം എന്നാണ്. അതിനാൽ അതിന്റെ പ്രകാശവും രൂപവും സംഭാവന ചെയ്യുന്ന മറ്റ് ഘടകങ്ങളും ഉണ്ടായിരിക്കാം, അതും മനസ്സിലാക്കേണ്ടതുണ്ട്.
ഈ വെല്ലുവിളികൾക്കിടയിലും, WASP-193b കൂടുതൽ അന്വേഷണത്തിന് അവസരം നൽകുന്നു, പ്രത്യേകിച്ച് അതിന്റെ അന്തരീക്ഷ ഘടനയെക്കുറിച്ച്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പ്രപഞ്ചത്തിൽ ഈ വിചിത്രവും പഴക്കമുള്ളതുമായ എക്സോപ്ലാനറ്റിന്റെ അസ്തിത്വം വിശദീകരിക്കാൻ വിലപ്പെട്ട ഡാറ്റ നൽകുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.