You are currently viewing മഞ്ചേശ്വരത്ത് കുടുംബസ്വത്ത്  തർക്കത്തിനിടെ ഉപ്പയുടെ വെട്ടേറ്റ് പ്ലസ് വൺ വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

മഞ്ചേശ്വരത്ത് കുടുംബസ്വത്ത് തർക്കത്തിനിടെ ഉപ്പയുടെ വെട്ടേറ്റ് പ്ലസ് വൺ വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

കാസർകോട് മഞ്ചേശ്വരത്ത് കുടുംബത്തിലെ സ്വത്ത് തർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിനിടെ പ്ലസ് വൺ വിദ്യാർഥിനി പിതാവിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടു. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയായ മറിയം ജുമൈലയാണ് ദാരുണമായി മരിച്ചത്. സംഭവത്തിൽ പിതാവ് ഉമർ ഫറൂഖിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കുടുംബസ്വത്തിനെച്ചൊല്ലി ഉമർ ഫറൂഖും ഭാര്യയുടെ സഹോദരിയുടെ ഭർത്താവും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്. വാക്കേറ്റം രൂക്ഷമായതോടെ ഉമർ ആയുധം ഉപയോഗിച്ച് ആദ്യം ഭാര്യാസഹോദരിയുടെ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഭാര്യാസഹോദരിയെയും വെട്ടി. ഈ അതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൾ മറിയം ജുമൈലക്കും വെട്ടേറ്റത്.

ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. നിലവിളി കേട്ട് സമീപവാസികൾ സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ജുമൈലയെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി, സംഭവസമയത്ത് തന്നെ അവിടെയുണ്ടായിരുന്ന ഉമർ ഫറൂഖിനെ കസ്റ്റഡിയിലെടുത്തു.

പ്രതി സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നയാളാണെന്ന സൂചന നാട്ടുകാരും ബന്ധുക്കളും നൽകുന്നു. ലഹരി ഉപയോഗിച്ചെത്തി ഇയാൾ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നുവെന്നും, ഇതുമൂലം ഒരുകാലത്ത് വീട്ടിൽ നിന്ന് മാറ്റിനിർത്തിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. വിദേശത്തായിരുന്ന ഉമർ ഫറൂഖ് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഇയാൾക്കെതിരെ മുമ്പ് നിരവധി കേസുകൾ ഉണ്ടായിരുന്നുവെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഭാര്യയുമായുള്ള ബന്ധം വഷളായി ഒരുഘട്ടത്തിൽ വിവാഹമോചന തീരുമാനത്തിലേക്കും കാര്യങ്ങൾ നീങ്ങിയിരുന്നുവെങ്കിലും ബന്ധുക്കളുടെ ഇടപെടലിലൂടെ പ്രശ്നം താൽക്കാലികമായി പരിഹരിക്കപ്പെട്ടിരുന്നു. പിന്നീട് ലഹരി ഉപയോഗം ഇയാൾ പതിവാക്കിയതായാണ് വിവരം.

മറിയം ജുമൈലയുടെ മൃതദേഹം നിലവിൽ മഞ്ചേശ്വരത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply