രണ്ട് ദിവസത്തെ കേരള പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം നൽകി. ഐഎൻഎസ് ഗരുഡ നേവൽ എയർ സ്റ്റേഷനിൽ നിന്ന് ഒരു യുവജന പരിപാടിയുടെ വേദിയിലേക്ക് നടന്ന് നീങ്ങിയ അദ്ദേഹത്തെ രണ്ട് കിലോമീറ്ററോളം ദൂരം നിരന്ന് നിന്ന ബിജെപി പ്രവർത്തകരും അനുഭാവികളുമടക്കം ആയിരക്കണക്കിന് ആളുകൾ ആവേശത്തോടെ സ്വീകരിച്ചു
വൈകുന്നേരം 5 മണിക്ക് ശേഷം നാവിക എയർ സ്റ്റേഷനിൽ ഇറങ്ങിയ മോദി 5.40 ഓടെ അവിടെ നിന്ന് റോഡ് ഷോ ആരംഭിച്ചു.
പരമ്പരാഗത കേരളീയ വസ്ത്രം ധരിച്ച്, കാൽനടയായി റോഡ് ഷോ ആരംഭിച്ച മോദി, റോഡിന്റെ ഇരുവശങ്ങളിലുമുള്ള ആളുകൾക്ക് കൈകാണിച്ചു.പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിച്ചിരിന്നു.
കേരളത്തിലെ യുവാക്കൾക് വേണ്ടി തന്റെ സർക്കാർ സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി മോദി റോഡ് ഷോയിൽ എടുത്തുപറഞ്ഞു. “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കേരളത്തിലെ യുവാക്കൾക്ക് പ്രയോജനപ്പെടുന്ന മറ്റൊരു സുപ്രധാന തീരുമാനം ഞങ്ങളുടെ സർക്കാർ എടുത്തു. കേന്ദ്ര സായുധ പോലീസ് സേനയിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള പരീക്ഷകൾ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ 13 ഇന്ത്യൻ ഭാഷകളിൽ നടത്തുമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. അതിനർത്ഥം പരീക്ഷ മലയാളത്തിലും നടത്തുമെന്നാണ്, പ്രധാനമന്ത്രി മോദി പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും യുവാക്കൾക്ക് സർക്കാർ ജോലി നൽകാനുള്ള നീക്കം അതിവേഗം നടക്കുന്നുണ്ടെന്നും എന്നാൽ കേരള സർക്കാരിന്റെ ശ്രദ്ധ യുവാക്കളുടെ തൊഴിലിലോ സ്വയം തൊഴിലിലോ അല്ലെന്നും കൊച്ചിയിൽ യുവം കാൻക്ലേവിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ റോജ്ഗർ മേള നടത്താറില്ലെന്നും സർക്കാർ ജോലികളിലേക്കുള്ള റിക്രൂട്ട്‌മെന്റിൽ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകൾ റോഡിന്റെ ഇരുവശങ്ങളിലും മണിക്കൂറുകൾ മുൻപേ തന്നെ മോദിയെ സ്വീകരിക്കാനും പുഷ്പവൃഷ്ടി നടത്താനും അണിനിരന്നിരുന്നു.