ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 24.7 ലക്ഷം വിദ്യാർത്ഥികൾക്ക് നാല് കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.
മികച്ച വിദ്യാഭ്യാസം പോലെ തന്നെ പോഷകസമൃദ്ധമായ ഭക്ഷണവും കുട്ടികളുടെ അവകാശമാണെന്ന് മന്ത്രി വ്യക്തമാക്കി. ഭരണഘടന തന്നെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമായി ഭക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ഭക്ഷണസുരക്ഷ ഉറപ്പാക്കുന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ അരി വിതരണം കുട്ടികൾക്ക് സമൂഹത്തിൽ ലഭിക്കേണ്ട അംഗീകാരത്തിന്റെ പ്രതീകമാണെന്നും പരിപാടിയുടെ ഭാഗമായി അദ്ദേഹം സൂചിപ്പിച്ചു.
