
കൊച്ചി: ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായ മലയാളി യുവാവ് മരിച്ചു. തൃശൂർ വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കര സുധാകരന്റെ മകൻ അഖിൽ (35) ആണ് മരിച്ചത്. ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ദാരുണമായ സംഭവം.

വിമാനം ബഹ്‌റൈനിൽ നിന്ന് പറന്നുയർന്ന് ഏകദേശം രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ അഖിലിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരന് അടിയന്തര മെഡിക്കൽ സഹായം നൽകാൻ വിമാന അധികൃതർ ശ്രമിച്ചെങ്കിലും ആരോഗ്യനില അതിവേഗം വഷളായി. ഇതിനെ തുടർന്ന് വിമാനം അടിയന്തരമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനിച്ചു.
ലാൻഡ് ചെയ്യാൻ ഏകദേശം അരമണിക്കൂർ മാത്രം ബാക്കിയിരിക്കെ കണ്ണൂരിൽ ഇറക്കി ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചുവെങ്കിലും, വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപേ അഖിൽ മരണപ്പെടുകയായിരുന്നു. ബഹ്‌റൈനിൽ പ്രവാസിയായിരുന്ന അഖിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപ്രതീക്ഷിതമായ മരണം സംഭവിച്ചത്.
അഖിലിന്റെ സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.