
ഗ്രോണിങൻ, നെതർലാൻഡ്സ് — സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളിൽ ജീവന്റെ അടയാളങ്ങൾ തേടുന്ന ഗവേഷണത്തിൽ വലിയ മുന്നേറ്റമായി, ശാസ്ത്രജ്ഞർ ഒരു പുതിയ ഭൂമിയുമായി സാദൃശ്യമുള്ള എക്സോപ്ലാനറ്റ് കണ്ടെത്തിയിട്ടുണ്ട്. HD 137010 b എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തെക്കുറിച്ചുള്ള കണ്ടെത്തൽ കഴിഞ്ഞ ആഴ്ച ഗ്രോണിങനിൽ നടന്ന റോക്കി വേൾഡ്സ് സമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ദി ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്സ് എന്ന ശാസ്ത്രജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഭൂമിയോട് അതീവ സാമ്യമുള്ളതാണ് HD 137010 b. ഗ്രഹത്തിന്റെ വലുപ്പവും ഏകദേശം 355 ദിവസത്തെ പരിക്രമണകാലവും ഭൂമിയുടേതിനോട് വളരെ അടുത്തതാണ്. വെറും 146 പ്രകാശവർഷം മാത്രം അകലെയുള്ള ഒരു തെളിച്ചമുള്ള കെ-ഡ്വാർഫ് നക്ഷത്രത്തെ ചുറ്റിയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്. ഇതുമൂലം ഭാവിയിലെ ശക്തമായ ദൂരദർശിനികൾ ഉപയോഗിച്ച് ഗ്രഹത്തെ വിശദമായി പഠിക്കാൻ സാധിക്കും.
2017ൽ നാസയുടെ കെപ്ലർ ബഹിരാകാശ ദൂരദർശിനിയിലൂടെ ഒരിക്കൽ മാത്രമാണ് ഈ ഗ്രഹത്തെ നിരീക്ഷിക്കാൻ കഴിഞ്ഞത്.
ഈ ഗ്രഹത്തിന്റെ നക്ഷത്രം സൂര്യനേക്കാൾ ചൂട് കുറഞ്ഞതാണ്,അതിനാൽ HD 137010 bയ്ക്ക് ഭൂമിയേക്കാൾ കുറവ് ഊർജമാണ് ലഭിക്കുന്നത് — ഇത് ചൊവ്വയ്ക്ക് ലഭിക്കുന്നതിനു സമാനമാണ്. ഇതുവഴി ഗ്രഹം നക്ഷത്രത്തിന്റെ വാസയോഗ്യ മേഖലയിലെ പുറം അതിരിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ജലത്തിന് ദ്രവാവസ്ഥയിൽ നിലനിൽക്കാനുള്ള സാധ്യതയുണ്ട്. ഗ്രഹം നക്ഷത്രത്തിന് കൂടുതൽ സമീപമുള്ള പഥത്തിലായിരിക്കാനുള്ള 40 ശതമാനം സാധ്യതയും ശാസ്ത്രജ്ഞർ കണക്കാക്കുന്നു. അങ്ങനെ സംഭവിച്ചാൽ അത് വാസയോഗ്യ മേഖലയ്ക്കുള്ളിലായിരിക്കും.
ഇതുവരെ 6,000ലധികം എക്സോപ്ലാനറ്റുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഭൂരിഭാഗവും വലുതോ അത്യന്തം ചൂടുള്ളതോ ആയ ഗ്രഹങ്ങളാണ്. ഭൂമിസമാനവും വാസയോഗ്യ മേഖലയിലുമുള്ള ഗ്രഹങ്ങൾ വളരെ വിരളമാണ് — പ്രത്യേകിച്ച് ഭൂമിയെപ്പോലുള്ള ശാന്തമായ നക്ഷത്രങ്ങളെ ചുറ്റിപ്പറ്റിയുള്ളവ. ഈ പശ്ചാത്തലത്തിലാണ് HD 137010 bയുടെ പ്രാധാന്യം. ഇതിന്റെ നക്ഷത്രം തെളിച്ചമുള്ളതും അടുത്തതുമായതിനാൽ ഭാവിയിൽ ഗ്രഹത്തിന്റെ അന്തരീക്ഷം പഠിക്കാനും ജീവന്റെ സൂചനകൾ കണ്ടെത്താനും സാധ്യതയുണ്ട്.
ഈ ഗ്രഹം ടെറ ഹണ്ടിംഗ് എക്സ്പെരിമെന്റ് പോലുള്ള ഭൂമിയിലെ നിരീക്ഷണ പദ്ധതികൾക്കും, അടുത്ത ഒരു വർഷത്തിനുള്ളിൽ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്ലാറ്റോ (PLATO) ദൗത്യത്തിനും ഏറ്റവും അനുയോജ്യമായ ലക്ഷ്യഗ്രഹമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിസമാന ഗുണങ്ങളുള്ള ഒരു ഗ്രഹം ഇതിനകം തന്നെ നിലവിലുണ്ടെന്ന് അറിയുന്നതിനാൽ, ഭൂമിയെപ്പോലുള്ള മറ്റൊരു ലോകം കണ്ടെത്താനുള്ള ദീർഘകാല അന്വേഷണത്തിൽ HD 137010 b വലിയ പ്രതീക്ഷ നൽകുന്നുവെന്ന് ഗവേഷകർ വിലയിരുത്തുന്നു.