You are currently viewing വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്  കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ നൽകി

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്  കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ നൽകി

കോഴിക്കോട്: വാഹനാപകടത്തിൽ മഹാധമനിക്ക് (Aorta) ഗുരുതരമായ പരിക്ക് പറ്റിയ തമിഴ്നാട് സ്വദേശിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ നൽകി. തിരുപ്പത്തൂർ സ്വദേശിയായ 32 കാരനായ പ്രശാന്ത് ആണ് ഈ അത്യാധുനിക ചികിത്സയിലൂടെ ജീവിതം തിരിച്ചു പിടിച്ചത്.

കണ്ണൂരിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രാമദ്ധ്യേ കോഴിക്കോട് വെച്ചാണ് അപകടം സംഭവിച്ചത്. കാലിലെ എല്ലുകൾക്കും വാരിയെല്ലുകൾക്കും ഒടിവ് സംഭവിച്ച പ്രശാന്തിനെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. സിടി സ്കാൻ പരിശോധനയിൽ ഹൃദയത്തിൽ നിന്ന് രക്തം ശരീരത്തിലേക്ക് വിതരണം ചെയ്യുന്ന മഹാധമനി (Aorta) പൊട്ടി രക്തസ്രാവം ശ്വാസകോശത്തിലേക്കും വ്യാപിച്ച അവസ്ഥയാണ് കണ്ടെത്തിയത്.
തുടർന്ന് രോഗിയെ റേഡിയോളജി ഡിപ്പാർട്മെന്റിലെ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലേക്കു മാറ്റി.

വിദഗ്ധ സംഘം ഫെനിസ്ട്രേഷൻ ഈവാർ (FEVAR – Fenestration Endovascular Aortic Repair) എന്ന അത്യാധുനിക ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇതിലൂടെ രക്തസ്രാവം നിയന്ത്രിക്കുകയും മഹാധമനിയുടെ പ്രവർത്തനം പുനസ്ഥാപിക്കുകയും ചെയ്തു.
ചികിത്സയ്ക്ക് ശേഷം പ്രശാന്ത് ക്രിറ്റിക്കൽ അവസ്ഥയിൽ നിന്ന് പൂർണമായി മുക്തനായി. തുടർന്ന് കാലിലെ എല്ലുകൾക്ക് ഓർത്തോ വിഭാഗത്തിൽ നിന്ന് ചികിത്സ ലഭിച്ചു. ഇപ്പോൾ പൂർണ ആരോഗ്യം വീണ്ടെടുത്ത പ്രശാന്ത് നാട്ടിലേക്ക് മടങ്ങി.

വാഹനാപകടത്തിൽ നിന്ന് ജീവൻ തിരികെ നൽകാൻ സാധിച്ചതിന് കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജറി, റേഡിയോളജി, ഓർത്തോ വിഭാഗങ്ങളിലെ മെഡിക്കൽ ടീമുകൾക്ക് ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദനങ്ങൾ അറിയിച്ചു

Leave a Reply