
ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്നും പുറപ്പെട്ട യുവതി ബസ് സ്റ്റോപ്പിന് സമീപം കുഴഞ്ഞുവീണ് മരിച്ചു.
മതിലകം ശ്രീനാരായണപുരം ആല സ്വദേശിനിയും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ മാന്തുരുത്തി മുഹമ്മദ് റാഫിയുടെ ഭാര്യയുമായ ഹസീനയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ മതിലകം താലം റോഡിലെ തട്ടാര്‍പടി പള്ളിക്കുടത്തിന് സമീപത്താണ് സംഭവം. മതിലകത്തെ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്കു നടന്ന് വരുന്നതിനിടെയാണ് ഇവര്‍ അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്.

വീഴ്ചയില്‍ തല റോഡിലെ കല്ലില്‍ ഇടിച്ചു പരിക്കേറ്റു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മതിലകം താലം റോഡ് സ്വദേശിയായ പടാടത്ത് വീട്ടില്‍ അലിക്കുഞ്ഞുവിന്റെ മകളാണ് ഹസീന.