തിരുവനന്തപുരം : അതിജീവിതയെ അപമാനിച്ചെന്ന പരാതിയിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ സൈബർ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും അവളുടെ ഐഡന്റിറ്റി പരോക്ഷമായി വെളിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് രാഹുൽ ഈശ്വറിനും മൂന്ന് പേർക്കുമെതിരെ യുവതി പരാതി നൽകിയിരുന്നു. ആദ്യം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തുക എന്ന സൂചന പൊലീസിനകത്ത് ഉണ്ടായിരുന്നുവെങ്കിലും, ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷം ജാമ്യമില്ലാ വകുപ്പുകളും കൂട്ടിച്ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് വൈകുന്നേരം പൗഡിക്കോണത്തെ വീട്ടിൽ നിന്നാണ് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് എആർ ക്യാമ്പിൽ എത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
താൻ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും കേസ് നിയമപരമായി നിലനിൽക്കില്ലെന്നും രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ പ്രസ്താവിച്ചു.
