
പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഞായറാഴ്ച രാത്രി 11.40ന് അന്ത്യം സംഭവിച്ചത്.
പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഇളയ സഹോദരനാണ് കണ്ണൻ പട്ടാമ്പി. അദ്ദേഹത്തിന്റെ മരണവിവരം മേജർ രവി സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.

മലയാള സിനിമാരംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ സജീവമായിരുന്ന കണ്ണൻ പട്ടാമ്പി ഏകദേശം 23 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചും അദ്ദേഹം ശ്രദ്ധേയനായിരുന്നു. മോഹൻലാൽ നായകനായ കീർത്തിചക്ര, കുരുക്ഷേത്ര, ഒടിയൻ, ട്വെൽത്ത് മാൻ എന്നീ സിനിമകളുടെ നിർമാണ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.
ഇന്ന് വൈകുന്നേരം നാല് മണിക്ക് പാലക്കാട് ഞാങ്ങാട്ടീരിയിലെ വീട്ടുവളപ്പിൽ സംസ്കാരം നടന്നു. സിനിമാ മേഖലയിലെയും പൊതുരംഗത്തെയും നിരവധി പ്രമുഖർ കണ്ണൻ പട്ടാമ്പിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.