നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ(73) സംസ്കാരം തൃശ്ശൂർ മുണ്ടൂർ കർമ്മല മാതാ പള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നടന്നു. ഞായറാഴ്ച വൈകിട്ട് 4 മുതൽ മുണ്ടൂരിലെ വീട്ടിൽ പൊതുദർശനത്തിനും അവസരം ഒരുക്കിയിരുന്നുൂ.
അപകടം വെള്ളിയാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ ധർമ്മപുരി ഹൊഗെനക്കൽ പാലക്കോട് ഭാഗത്ത് ബെംഗളൂരുവിലേക്ക് പോകുമ്പോൾ സംഭവിച്ചു. ഷൈൻ ടോം ചാക്കോയുടെ ചികിത്സയ്ക്കായി യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. കാറിൽ ഷൈൻ, മാതാവ് മരിയ കാർമല, സഹോദരൻ ജോ ജോൺ ചാക്കോ, ഡ്രൈവർ അനീഷ് എന്നിവരും ഉണ്ടായിരുന്നു. മുന്നിൽ പോയ ലോറി പെട്ടെന്ന് ട്രാക്ക് മാറ്റിയതിനെ തുടർന്ന് കാർ ലോറിയുടെ പിന്നിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു; നടുവിലെ സീറ്റിൽ ഇരുന്നിരുന്ന സി.പി. ചാക്കോയുടെ തല ഡ്രൈവർ സീറ്റിന് പിറകിൽ ഇടിച്ചു, അതാണ് മരണകാരണം.
അപകടത്തിൽ ഷൈൻ ടോം ചാക്കോയ്ക്ക്, അമ്മയ്ക്കും സഹോദരനും പരിക്കേറ്റു. നാട്ടുകാരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. സി.പി. ചാക്കോ ഷൈനിന്റെ ജീവിതത്തിലെ വലിയ പിന്തുണയായിരുന്നു, നിരവധി പ്രതിസന്ധികളിൽ മകനെ താങ്ങിനിൽക്കുന്ന വ്യക്തിയായിരുന്നു.
