കോട്ടയം ജില്ലയിലെ പാമ്പാടിയിലെ ഹോട്ടലിന് സമീപം പാർക്ക് ചെയ്ത കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാള നടൻ വിനോദ് തോമസിൻ്റെ മരണകാരണം അമിതമായി കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു.
നവംബർ 18നാണ് വിനോദ് തോമസിന്റെ ചേതനയറ്റ മൃതദേഹം ഹോട്ടൽ മാനേജ്‌മെന്റ് കണ്ടെത്തിയത്. പാമ്പാടി കാളച്ചന്തയിലുള്ള ഒരു ബാറിനു സമീപം ഇയാളുടെ കാർ പാർക്ക് ചെയ്തിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തോമസ് വാഹനത്തിൽ കയറുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുകയും പിന്നീട് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കാർ ഏറെ നേരം നിശ്ചലമായത് സമീപത്തെ ഹോട്ടൽ ജീവനക്കാർക്കിടയിൽ സംശയം ജനിപ്പിച്ചതിനാൽ അവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തേ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു.
പാമ്പാടി പോലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
“അയ്യപ്പനും കോശിയും”, “ഭൂതകാലം”, “നത്തോലി ഒരു ചെറിയ മീനല്ല”, “വാശി” തുടങ്ങിയ നിരവധി ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് തോമസ് അറിയപ്പെടുന്നത്, “ഭഗവാൻ ദാസന്റെ രാമരാജ്യം” എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
വിനോദ് തോമസിന്റെ സംസ്കാരം കഴിഞ്ഞ ചൊവ്വാഴ്ച മുട്ടമ്പലം പൊതുശ്മശാനത്തിൽ നടന്നു തന്റെ ചലച്ചിത്ര സംഭാവനകൾക്കപ്പുറം, വിവിധ മലയാളം ടെലിവിഷൻ ഷോകളിലും ഷോർട്ട് ഫിലിമുകളിലും തിയേറ്റർ പ്രൊഡക്ഷനുകളിലും തോമസ് പങ്കാളിയായിരുന്നു. കേരളത്തിലെ കോട്ടയം ജില്ലയിലെ മീനടം എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.