
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി പുറത്തുവന്നതിന് പിന്നാലെ, അതിജീവിത തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആദ്യ പ്രതികരണം രേഖപ്പെടുത്തി. “നിയമത്തിൻ്റെ മുൻപിൽ എല്ലാ പൗരന്മാരും തുല്യരല്ല” എന്ന വാക്കുകളോടെയാണ് അവർ വിധിയോട് പ്രതികരിച്ചത്.

വിധിയിൽ അത്ഭുതമില്ലെന്നും, 2020-ന്റെ അവസാനഘട്ടത്തിൽ തന്നെ കേസുമായി ബന്ധപ്പെട്ട ചില അസ്വാഭാവിക നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നതായും അതിജീവിത വ്യക്തമാക്കി. ഈ വിചാരണ കോടതിയിൽ തൻ്റെ വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടതായി തുറന്നുപറഞ്ഞ അവർ, കേസിലെ തൻ്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല എന്ന ഗുരുതര ആരോപണവും ഉന്നയിച്ചു.
കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതി കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ അനധികൃതമായി തുറന്നും പരിശോധിച്ചുമുണ്ടായ സംഭവം ചൂണ്ടിക്കാട്ടിയ അതിജീവിത, ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് പറഞ്ഞു. ഇത് നീതി പ്രക്രിയയോടുള്ള സംശയം കൂടുതൽ ശക്തമാക്കിയതായും അവർ കൂട്ടിച്ചേർത്തു.
കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ച സംഭവവും തൻ്റെ പോസ്റ്റിൽ അവർ പരാമർശിച്ചു. ഇതെല്ലാം ചേർന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയെ തളർത്തിയതായി അതിജീവിത പറഞ്ഞു.
കേസിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുള്ള ആസൂത്രകർ ഇപ്പോഴും പുറത്താണെന്നും, നീതി പൂർണ്ണമാകാൻ അവർക്കും ശിക്ഷ ലഭിക്കേണ്ടതുണ്ടെന്ന നിലപാടാണ് അവർ ആവർത്തിച്ചത്. അതിജീവിതയുടെ പ്രതികരണത്തെ പിന്തുണച്ച് മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖർ സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവച്ചു.
“വർഷങ്ങൾ നീണ്ട വേദനയ്ക്കും കണ്ണീരിനും മാനസിക സംഘർഷങ്ങൾക്കും ശേഷം, ഈ രാജ്യത്തെ എല്ലാ പൗരന്മാരും നിയമത്തിന് മുന്നിൽ തുല്യരല്ലെന്ന് ഞാൻ തിരിച്ചറിയുന്നു” എന്ന വാക്കുകളോടെയാണ് അതിജീവിത തൻ്റെ ഇൻസ്റ്റാഗ്രാം കുറിപ്പ് അവസാനിപ്പിച്ചത്.