പെയിന്റ് വിപണിയിൽ പ്രവേശിച്ച് ആദിത്യ ബിർല ഗ്രൂപ്പ്. അലങ്കാര പെയിന്റുകളുടെ പുതിയ സംരംഭമായ ബിർല ഓപസ് മുഴുവൻ പ്രവർത്തനങ്ങൾ ആരംഭിച്ച് മൂന്ന് വർഷം കഴിയുമ്പോൾ 10,000 കോടി രൂപയുടെ പ്രാരംഭ വരുമാനവും ലാഭവും ലക്ഷ്യമിടുന്നതായി ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർല വ്യാഴാഴ്ച അറിയിച്ചു.
പുതിയ അലങ്കാര പെയിന്റുകൾ നിർമ്മിക്കുന്നതിനായി ഗ്രൂപ്പ് വ്യാഴാഴ്ച മൂന്ന് പ്ലാൻറുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. “ഞങ്ങളുടെ കാഴ്ചപ്പാട് വലിയതും പ്രാരംഭ ലക്ഷ്യം വ്യക്തവുമാണ് – മൂന്ന് വർഷം പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ 10,000 കോടി രൂപയുടെ വരുമാനം നേടുകയും മൂന്നാം വർഷം തീർച്ചയായും ലാഭത്തിലേക്ക് കടക്കുകയും ചെയ്യുക,” ബിർല ഓപസ് പെയിന്റ്സ് ബിസിനസ് ആരംഭിക്കുകയും പാനിപ്പത്ത് (ഹരിയാന), ലുധിയാന (പഞ്ചാബ്), ചെയ്യാർ (തമിഴ്നാട്) എന്നിവിടങ്ങളിലെ മൂന്ന് ബിർല ഓപസ് പെയിന്റ് പ്ലാൻറുകൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തുകൊണ്ട് ബിർല പറഞ്ഞു.
പെയിന്റ് വിപണിയിൽ വൻകിടക്കാരായ ഏഷ്യൻ പെയ്ന്റ്സ്, ബെർജർ പെയ്ന്റ്സ് തുടങ്ങിയവരുമായി മത്സരിക്കാനാണ് ആദിത്യ ബിർല ഗ്രൂപ്പ് ഒരുങ്ങുന്നത്. 39,000 കോടി രൂപയുടെ ഇന്ത്യൻ അലങ്കാര പെയിന്റ് വിപണിയിൽ കടന്നുകൂടുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.