പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതുപോലെ വളർന്നുവരുന്ന സംവിധായകർക്ക് പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയുമായി താനും പൂര്‍ണമായും യോജിക്കുന്നതായി പ്രശസ്ത ഗാനരചയിതാവും സംവിധായകനും നിർമ്മാതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. “സിനിമ നിർമാണത്തിനായി ചെലവഴിക്കുന്നത് സർക്കാർ പണമാണ്. ഒന്നര കോടിയോളം രൂപ ചെലവഴിച്ചെന്ന് പറയുന്ന ചില സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിച്ചോ, ജനങ്ങൾ കണ്ടോ, ഇല്ലെങ്കിൽ ഇതൊക്കെ പറയുന്ന മന്ത്രിമാർ എങ്കിലും കണ്ടിട്ടുണ്ടോ ” എന്ന് അദ്ദേഹം ചോദിച്ചു
“ഈ സംരംഭങ്ങളിൽ നിന്നുള്ള നാല് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അതിന് ഒന്നരക്കോടിയിലേറെ രൂപ ചെലവാക്കിയതായി എനിക്കൊരിക്കലും തോന്നിയില്ല,” അദ്ദേഹം പറഞ്ഞു. 26 സിനിമകളും 42 ഡോക്യുമെന്ററിയും നിർമിച്ച തൻറെ അനുഭവം പരാമർശിച്ച് അദ്ദേഹം പറഞ്ഞു: “ഒരു സിനിമ കാണുമ്പോൾ അതിന് എത്ര പണം ചെലവായി എന്ന് മനസ്സിലാക്കാൻ എനിക്ക് കഴിയും. എന്നാൽ അപ്പൊഴും ഞാൻ ആരെങ്കിലും തുക മോഷ്ടിച്ചു എന്നോ അല്ലെങ്കിൽ തട്ടിപ്പ് നടത്തിയെന്നോ ആരോപിക്കുന്നില്ല. പരിചയക്കുറവുകൊണ്ടാണ് ഒന്നരക്കോടി മുടക്കിയിട്ട് ഒന്നരക്കോടിയുടെ മതിപ്പ് സിനിമയ്ക്ക് ഉണ്ടാകാത്തത് എന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു
