
തിരുവനന്തപുരം: സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ (എസ്ഐടി) ചില ഉദ്യോഗസ്ഥർ എൽഡിഎഫ് സർക്കാരിന്റെ നിർദ്ദേശപ്രകാരം അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നുവെന്ന് അടൂർ പ്രകാശ് എംപി ആരോപിച്ചു. തനിക്കെതിരെ നടക്കുന്നത് സംഘടിതമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള പ്രചാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പരാമർശിക്കപ്പെടുന്ന ഉണ്ണികൃഷ്ണനെ തന്റെ മണ്ഡലത്തിലെ ഒരു വോട്ടറായും അയ്യപ്പഭക്തനായുമാണ് താൻ അറിയുന്നതെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. ആ വ്യക്തിയുമായുള്ള പരിചയത്തിന് സ്വർണ്ണക്കള്ളക്കടത്ത് കേസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക അന്വേഷണസംഘം ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും വ്യക്തവും സുതാര്യവുമായ മറുപടി നൽകിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിച്ചുവെന്നും അടൂർ പ്രകാശ് പറഞ്ഞു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ശനിയാഴ്ച എസ്ഐടി ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കണ്ടു പ്രതികരിച്ചത്.
തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ സൃഷ്ടിക്കുന്നതാണെന്നും അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമങ്ങളുണ്ടാകുന്നതായും അടൂർ പ്രകാശ് എംപി ആരോപിച്ചു.