മുംബൈ– ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ മുൻനിര ലോജിസ്റ്റിക്സ് സ്ഥാപനമാക്കി മാറ്റുക എന്നത് തന്റെ മന്ത്രാലയത്തിന്റെ ലക്ഷ്യമാണെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ശ്രീ. ജ്യോതിരാദിത്യ എം. സിന്ധ്യ പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ഹെഡ് ഓഫ് സർക്കിളസ് കോൺക്ലേവിൽ സംസാരിക്കവെ, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ പോസ്റ്റിന്റെ നിർണായക പങ്കിനെക്കുറിച്ചും ആധുനികവും ലാഭകരവുമായ ഒരു സംരംഭത്തിലേക്കുള്ള അതിന്റെ തുടർച്ചയായ പരിവർത്തനത്തെക്കുറിച്ചും ശ്രീ. സിന്ധ്യ സംസാരിച്ചു.
‘വിക്ഷിത് ഭാരത്’ എന്ന ദേശീയ ദർശനവുമായി പൊരുത്തപ്പെടുന്ന, വേഗതയേറിയതും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ സേവന ദാതാവായി ഇന്ത്യ പോസ്റ്റ് പരിണമിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി എടുത്തുപറഞ്ഞു. ഈ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിന് സാങ്കേതികവിദ്യ,പുനഃക്രമീകരണം, എല്ലാ തപാൽ സർക്കിളുകളിൽ നിന്നുമുള്ള സജീവ സഹകരണം എന്നിവ സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
വകുപ്പിന്റെ സാമ്പത്തിക വെല്ലുവിളികൾ അംഗീകരിച്ചുകൊണ്ട്, ലാഭക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിശദമായ ബിസിനസ് പദ്ധതികൾ രൂപീകരിക്കാൻ ശ്രീ. സിന്ധ്യ തപാൽ സർക്കിളുകളോട് ആവശ്യപ്പെട്ടു. ഇന്ത്യാ പോസ്റ്റിന്റെ സേവന ശേഷികൾ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പ്രമുഖ ഇ-കൊമേഴ്സ് കമ്പനികൾക്കും
നൽകുന്നതിനായി വികസിപ്പിക്കുകയും, അതിവേഗം വളരുന്ന ലോജിസ്റ്റിക്സ് മേഖലയിൽ അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുക എന്നതുമാണ് ഇതിൻറെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു
