You are currently viewing 2025 ഒക്ടോബർ മുതൽ എയർകണ്ടീഷൻ ചെയ്ത ട്രക്ക് ക്യാബിനുകൾ സർക്കാർ നിർബന്ധമാക്കുന്നു
An Indian truck/Photo/Caspian Rehbinder

2025 ഒക്ടോബർ മുതൽ എയർകണ്ടീഷൻ ചെയ്ത ട്രക്ക് ക്യാബിനുകൾ സർക്കാർ നിർബന്ധമാക്കുന്നു

ഇന്ത്യയിൽ 2025 ഒക്ടോബർ 1-നോ അതിനു ശേഷമോ നിർമ്മിക്കുന്ന എല്ലാ പുതിയ ട്രക്കുകളിലും ഡ്രൈവർമാർക്കായി എയർകണ്ടീഷൻ ചെയ്ത (എസി) ക്യാബിനുകൾ ഉണ്ടായിരിക്കണമെന്ന് ഇന്ത്യ ഗവൺമെന്റ് ഉത്തരവിറക്കി. റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം (MoRTH) പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഇടത്തരം, ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ വിശാലമായ ശ്രേണി ഉൾക്കൊള്ളുന്ന എൻ2, എൻ3 വിഭാഗങ്ങളിലെ എല്ലാ പുതിയ ട്രക്കുകൾക്കും ഈ ഉത്തരവ് ബാധകമാണ്.

വളരെക്കാലമായി  ഡ്രൈവർമാർ നേരിടുന്ന കഠിനമായ തൊഴിൽ സാഹചര്യങ്ങൾ എടുത്തുകാണിച്ച് ട്രക്ക് ഡ്രൈവർ യൂണിയനുകളുടെയും അഭിഭാഷകരുടെയും വർഷങ്ങളുടെ പരിശ്രമത്തിന് ശേഷമാണ് ഈ തീരുമാനം.  കഠിനമായ ചൂടും മോശം വായുസഞ്ചാരവും സഹിക്കാൻ പലപ്പോഴും ഡ്രൈവർമാർ നിർബന്ധിതരാകുന്നു. ഇതിനാൽ ക്ഷീണം, ഹീറ്റ് സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് അവർ ഇരയാകുന്നു.

   രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ട്രക്ക് ഡ്രൈവർമാർ നൽകുന്ന സംഭാവനകളെ  അംഗീകരിക്കുകയും അവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി  ഊന്നിപ്പറഞ്ഞു. ട്രക്ക് ഡ്രൈവർമാരാണ് നമ്മുടെ ഗതാഗത മേഖലയുടെ നട്ടെല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  “അവരുടെ തൊഴിൽ അന്തരീക്ഷവും ക്ഷേമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നമ്മൾ പരിഹരിക്കേണ്ടതുണ്ട്. എസി ക്യാബിനുകൾ അവർക്ക് സൗകര്യങ്ങൾ പ്രദാനം ചെയ്യുക മാത്രമല്ല, റോഡുകളിൽ അവരുടെ ജാഗ്രതയും സുരക്ഷയും മെച്ചപ്പെടുത്തുകയും ചെയ്യും.”

 എസി ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ട ചിലവുകളിലെ വർദ്ധനവിനെക്കുറിച്ച് ചില ആശങ്കകൾ ഉയർന്നുവെങ്കിലും, ദീർഘകാല നേട്ടങ്ങൾ പ്രാരംഭ നിക്ഷേപത്തേക്കാൾ കൂടുതലാണെന്ന് വാദിച്ച് ഗഡ്കരി അവ തള്ളിക്കളഞ്ഞു.  മെച്ചപെട്ട ഡ്രൈവർ  സുരക്ഷയും ഉൽപ്പാദനക്ഷമതയുടെ വർദ്ധനവും  അപകടങ്ങൾ കുറയ്ക്കുന്നതിനും ആത്യന്തികമായി  ചെലവുകൾ കുറയുന്നതിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply