എയർ ഇന്ത്യയുടെ ആദ്യത്തെ എ350 വിമാനം വാണിജ്യ സർവീസ് ആരംഭിച്ചു. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പറന്നുയർന്ന ഫ്ലൈറ്റ് AI 589 നിറഞ്ഞ സീറ്റുകളുമായാണ് പുറപ്പെട്ടത്. പുതിയ അനുഭവം ആസ്വദിക്കാൻ കാത്തിരുന്ന യാത്രക്കാർ ആവേശത്തോടെയാണ് വിമാനത്തിൽ കയറിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ എയർ ഇന്ത്യ നൽകിയ 470 വിമാനങ്ങളുടെ ഓർഡറിന്റെ ഭാഗമാണ് എ350. ഈ വിമാനം പിന്നീട് വിദേശത്തേക്കുള്ള ദീർഘദൂര യാത്രകൾക്കായി വിന്യസിക്കും. ഹൈദരാബാദിൽ നടന്ന വിങ്സ് ഇന്ത്യ പരിപാടിയിൽ വ്യാഴാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ വിമാനം ഉദ്ഘാടനം ചെയ്തിരുന്നു.
എയർ ഇന്ത്യയുടെ എ350-900 വിമാനത്തിന് മൂന്ന് ക്ലാസ് സീറ്റിംഗ് സംവിധാനമുണ്ട്. 28 ഫ്ലാറ്റ് ബെഡ്ഡുകളുള്ള പ്രൈവറ്റ് ബിസിനസ് സ്യൂട്ടുകൾ, വിശാലമായ ലെഗ്ഗ്റൂമും മറ്റ് സൗകര്യങ്ങളും ലഭിക്കുന്ന 24 പ്രീമിയം ഇക്കണോമി സീറ്റുകൾ, 264 വിശാലമായ ഇക്കണോമി സീറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
“എല്ലാ സീറ്റുകളിലും മികച്ച കാഴ്ചയനുഭവം നൽകുന്ന ഏറ്റവും പുതിയ ഇൻ-ഫ്ലൈറ്റ് എന്റർടെയ്ൻമെന്റ് സിസ്റ്റവും എച്ച്ഡി സ്ക്രീനുകളും ഉണ്ട്. യാത്രക്കാർക്ക് പുതിയതരം വിനോദ പരിപാടികളും ലഭിക്കും,” വക്താവ് പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ എ350 വിമാനം വാണിജ്യ സർവീസ് ആരംഭിച്ചത് എയർ ഇന്ത്യയുടെ നവീകരണത്തിന് ശക്തി പകരുന്ന നീക്കമായാണ് കാണുന്നത്.