You are currently viewing വായു മലിനീകരണം സ്ട്രോക്കിനു കാരണമാകാം, നൈട്രജൻ ഡയോക്സൈഡ് വൻ അപകടകാരി .

വായു മലിനീകരണം സ്ട്രോക്കിനു കാരണമാകാം, നൈട്രജൻ ഡയോക്സൈഡ് വൻ അപകടകാരി .

വായു മലിനീകരണം, പ്രത്യേകിച്ച് നൈട്രജൻ ഡയോക്സൈഡ് സ്ട്രോക്കിനുള്ള സാധ്യത ഉയർത്താമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി.  അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മലിനീകരിക്കപെട്ട വായുവുമായുള്ള ഹ്രസ്വകാല സമ്പർക്കം പോലും സ്ട്രോക്കിനു കാരണമാകാമെന്നും പഠനം പറയുന്നു.

 18 ദശലക്ഷത്തിലധികം സ്ട്രോക്ക് കേസുകൾ ഉൾപ്പെടുന്ന 110 പഠനങ്ങൾ ഗവേഷകർ അവലോകനം ചെയ്തു.  വിവിധ തരത്തിലുള്ള വായു മലിനീകരണവുമായി കൂടുതലായി സമ്പർക്കം പുലർത്തുന്ന ആളുകൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് അവർ കണ്ടെത്തി, എന്നാൽ നൈട്രജൻ ഡയോക്സൈഡിന് ഏറ്റവും ശക്തമായ ബന്ധമാണുള്ളത്.

 നൈട്രജൻ ഡയോക്‌സൈഡിന്റെ ഉയർന്ന സാന്ദ്രത സ്ട്രോക്കിനുള്ള സാധ്യത 28 ശതമാനം വർദ്ധിപ്പിക്കുന്നു, അതേസമയം ഉയർന്ന ഓസോൺ അളവ് 5 ശതമാനവും , കാർബൺ മോണോക്‌സൈഡ് 26 ശതമാനവും സൾഫർ ഡയോക്‌സൈഡ് 15 ശതമാനവും വർദ്ധനവുണ്ടാക്കുന്നു.  മറ്റ് മലിനീകരണ വസ്തുക്കളായ PM1 ന്റെ ഉയർന്ന സാന്ദ്രത സ്ട്രോക്കിനുള്ള  സാധ്യത 9 ശതമാനമായി വർദ്ധിപ്പിക്കുന്നു, PM2.5, 15 ശതമാനവും PM10, 14 ശതമാനവുമാണ് വർദ്ധിപ്പിക്കുന്നത്

 ഉയർന്ന അളവിലുള്ള വായു മലിനീകരണം സ്ട്രോക്ക് മൂലമുള്ള മരണ സാധ്യതയുമുയർത്തുന്നു.  നൈട്രജൻ ഡയോക്‌സൈഡിന്റെ ഉയർന്ന സാന്ദ്രത സ്ട്രോക്ക് മൂലമുണ്ടാകുന്ന മരണ സാധ്യത 33 ശതമാനം വർദ്ധിപ്പിക്കും, സൾഫർ ഡയോക്‌സൈഡ്, 60 ശതമാനവും, PM2.5, 9 ശതമാനവും, PM10, 2 ശതമാനം വർദ്ധിപ്പിക്കുന്നു.

 പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിന് വായു മലിനീകരണം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം തങ്ങളുടെ കണ്ടെത്തലുകൾ ഉയർത്തിക്കാട്ടുന്നതായി പഠന രചയിതാക്കൾ പറയുന്നു.

  “വായു മലിനീകരണം കുറയ്ക്കുന്ന നയങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ പ്രാധാന്യം ഇത് എടുത്തുകാണിക്കുന്നു. അങ്ങനെ ചെയ്യുന്നത് സ്ട്രോക്കുകളുടെ എണ്ണവും അവയുടെ അനന്തരഫലങ്ങളും കുറച്ചേക്കാം.” അമ്മാനിലെ ജോർദാൻ യൂണിവേഴ്‌സിറ്റിയിലെ എംഡിയും, പഠന ലേഖകനുമായ അഹ്മദ് തൗബാസി പറഞ്ഞു. 

 നൈട്രജൻ ഡയോക്സൈഡിന്റെ പ്രധാന ഉറവിടം ഫോസിൽ ഇന്ധനങ്ങളുടെ (കൽക്കരി, വാതകം, എണ്ണ) പ്രത്യേകിച്ച് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ജ്വലനമാണ്.  നൈട്രിക് ആസിഡ് നിർമ്മാണം, വെൽഡിംഗ്, സ്ഫോടകവസ്തുക്കൾ, പെട്രോളിന്റെയും ലോഹങ്ങളുടെയും ശുദ്ധീകരണം, വാണിജ്യ നിർമ്മാണം, ഭക്ഷ്യ ഉൽപ്പാദനം എന്നിവയിൽ നിന്നും ഇത് നിർമ്മിക്കപ്പെടുന്നു.

Leave a Reply