
തിരുവനന്തപുരം: കേരളത്തിലെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുമ്പോൾ, മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണി നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയരംഗത്ത് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചു. മാർച്ച് 31-ന് നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇടയിലെ ബന്ധത്തെക്കുറിച്ച് ആന്റണി വിമർശനം ഉന്നയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് എളുപ്പത്തിൽ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് ആന്റണിയുടെ ആരോപണം. മോദിക്ക് പിണറായി ഏറെ പ്രിയപ്പെട്ടവനാണെന്നും, ഇരുവരും തമ്മിൽ രഹസ്യമായ രാഷ്ട്രീയ ധാരണകളുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മുഖ്യമന്ത്രി മോദിക്കെതിരെ തുറന്നുപറയാൻ ഭയപ്പെടുകയാണെന്നും, ഇരുവരും “ഒരേ തൂവൽപക്ഷികൾ” ആണെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രധാന വിമർശനം. ഇതോടൊപ്പം, പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കുകയാണെന്നും, ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഇടിമുഴക്കം പോലെ അധികാരത്തിൽ തിരിച്ചുവരുമെന്നും ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, ഈ ആരോപണങ്ങൾ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും തള്ളിക്കളഞ്ഞു. കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ താൻ നിരന്തരം പോരാടുകയാണെന്നും, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയെ കാണുന്നതെന്നുമാണ് പിണറായി വിജയന്റെ വിശദീകരണം.
ആന്റണിയുടെ പ്രസ്താവനയും അതിന് പിന്നാലെ ഉണ്ടായ പ്രതികരണങ്ങളും സംസ്ഥാനത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കൂടുതൽ കടുത്ത ഏറ്റുമുട്ടലുകൾക്ക് വഴിവെക്കുന്ന സൂചനകളായി വിലയിരുത്തപ്പെടുന്നു.