കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ അൽ ഹിലാലിനെതിരെ നടന്ന ഫൈനൽ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ രണ്ട് ഗോളിന് അൽ ഹിലാലിനെ 2-1 തോൽപിച്ച് അൽ നാസ്സർ ക്ലബ് ചാമ്പ്യൻഷിപ്പ് വിജയം നേടി. ഇത് അൽ നാസറിന്റെ ആദ്യ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് വിജയമാണ്. മുൻ സീസണിൽ കിരീടം നേടാനാകാതെ പോയ റൊണാൾഡോ ആറ് ഗോൾ നേടി ടൂർണമെന്റിലെ ടോപ് സ്‌കോററായി .
സൗദി അറേബ്യ, ഖത്തർ, യുഎഇ, ഇറാഖ്, മൊറോക്കോ, ടുണീഷ്യ, അൾജീരിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ക്ലബ്ബുകൾ മത്സരത്തിൽ പങ്കെടുത്തു.
അൽ നാസർ 10 കളിക്കാരുമായി മത്സരം പൂർത്തിയാക്കിയെങ്കിലും, പുതിയ അംഗം ങ്ങളായ സാഡിയോ മാനെ, സെക്കോ ഫൊഫാന, മാർസെലോ ബ്രോസോവിച്ച് എന്നിവരുൾപ്പെടെയുള്ള അവരുടെ താരനിര ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു, പക്ഷേ ഗോൾകീപ്പർ മുഹമ്മദ് അലോവൈസ് അവരുടെ ശ്രമങ്ങൾ തടഞ്ഞു.
രണ്ടാം പകുതിയിൽ അൽ ഹിലാലിന്റെ മൈക്കൽ ഫ്രീ ഹെഡറിലൂടെ ഗോൾ നേടി. ഈ തിരിച്ചടിക്ക് മറുപടി നൽകിയ റൊണാൾഡോ 74-ാം മിനിറ്റിൽ സുൽത്താൻ അൽ ഗന്നം നൽകിയ ലോ ക്രോസിൽ സമനില പിടിച്ചു.
അൽ നാസറിന്റെ അബ്ദുല്ല അൽ-അമ്രി ചുവപ്പ് കാർഡ് കണ്ടു. എന്നിട്ടും അവർ പിടിച്ചുനിന്നു. എക്സ്ട്രാ ടൈമിൽ ക്രോസ്ബാറിൽ തട്ടി തിരിച്ച് വന്ന ബോൾ റൊണാൾഡോ ഗോളാക്കി മാറ്റിയതോടെ അൽ നാസർ ചാമ്പ്യൻഷിപ്പ് നേടി.