
ആലപ്പുഴ: ആലപ്പുഴ തീരദേശ റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതിനുള്ള 324.16 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചതായി ആലപ്പുഴ എംപി കെ. എസ്. ഇ. ബി. ഗോപാൽ അറിയിച്ചു. ഇതനുസരിച്ച് ആദ്യഘട്ടമായി ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള 12.66 കിലോമീറ്റർ ദൂരം ഇരട്ടിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതിക്ക് അംഗീകാരം നൽകിയതിന്റെ അന്തിമ ഉത്തരവ് ഉടൻ റെയിൽവേ പുറത്തിറക്കുമെന്ന് എംപി പറഞ്ഞു.

പദ്ധതിയുടെ രണ്ടാം റീച്ചായി മാരാരിക്കുളം–തുറവൂർ പാത ഇരട്ടിപ്പിക്കലിന്റെ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. മൂന്നാം റീച്ചായ മാരാരിക്കുളം–ആലപ്പുഴ പാത അതിനുശേഷം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ പാത ഇരട്ടിപ്പിക്കൽ ബാക്കിയായ ഏക മേഖലയാണ് അമ്പലപ്പുഴ–എറണാകുളം തീരദേശ പാത. ഇതിൽ തുറവൂർ മുതൽ എറണാകുളം വരെയുള്ള പാത ഇരട്ടിപ്പിക്കലിന് നേരത്തെ തന്നെ അനുമതി ലഭിച്ചിട്ടുണ്ടെന്നും, ഇതിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണെന്നും എംപി പറഞ്ഞു. ബാക്കിയുള്ള അമ്പലപ്പുഴ–തുറവൂർ മേഖലയിലെ അനിശ്ചിതത്വം പരിഹരിക്കുന്നതിനായി പദ്ധതി മൂന്ന് ഘട്ടങ്ങളായി വിഭജിച്ച് എസ്റ്റിമേറ്റ് പുതുക്കണമെന്ന് താൻ നേരത്തെ റെയിൽവേ മന്ത്രാലയത്തോടും റെയിൽവേ ബോർഡിനോടും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരിയോടെ ഡിപിആർ പൂർത്തിയാക്കുമെന്ന വിവരം ഒക്ടോബർ 10-ന് ആലപ്പുഴയിൽ നടന്ന അവലോകന യോഗത്തിൽ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചതായും, തുടർന്ന് ഡിസംബറിൽ ചെന്നൈയിൽ നടന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ യോഗത്തിലും അമ്പലപ്പുഴ–ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ എസ്റ്റിമേറ്റിന് ഉടൻ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എംപി പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ആദ്യഘട്ടമായ അമ്പലപ്പുഴ–ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.