
തിരുവനന്തപുരം: സംസ്ഥാനത്തിന് ആറു ലക്ഷം കോടി രൂപയുടെ കടബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലും സർക്കാർ കോടികളുടെ വികസന പ്രഖ്യാപനങ്ങൾ നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രഖ്യാപനങ്ങൾ കേട്ട് ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് സർക്കാർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ സാമ്പത്തിക നില ഗുരുതരമായ പ്രതിസന്ധിയിലാണെന്നും, ശമ്പളവും പെൻഷനും നൽകാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വൻ പദ്ധതികളുടെ പ്രഖ്യാപനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇതൊന്നും പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) മാത്രമേ കഴിയൂവെന്നും സതീശൻ വ്യക്തമാക്കി. ജനക്ഷേമവും വികസനവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനുള്ള വ്യക്തമായ ദിശയും കാഴ്ചപ്പാടും യുഡിഎഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിപിഐഎം സംഘപരിവാറിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. മതധ്രുവീകരണത്തിനും അധികാര നിലനിൽപ്പിനുമായി സിപിഐഎം സ്വീകരിക്കുന്ന നിലപാടുകൾ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.