ദക്ഷിണാഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്ന മറ്റൊരു ചീറ്റ പുലിയും അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു.
മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മധ്യപ്രദേശ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെഎസ് ചൗഹാൻ പറഞ്ഞു. രാവിലെ ഒമ്പത് മണിയോടെയാണ് ഉദയ് എന്ന് പേരിട്ടിരിക്കുന്ന ആൺചീറ്റയെ തളർന്ന നിലയിൽ കണ്ടെത്തിയത്. മൃഗഡോക്ടർമാരുടെയും ചീറ്റ സംരക്ഷണ വിദഗ്ധരുടെയും പരമാവധി ശ്രമിച്ചിട്ടും ഉദയ് വൈകുന്നേരം 4 മണിയോടെ മരിച്ചു.
11 ചീറ്റകൾക്കൊപ്പമാണ് ഉദയ്‌യെ കുനോയിലെത്തിച്ചത്. ഈ വർഷം ഫെബ്രുവരി 16നാണ് ഇവർ ഇന്ത്യയിലെത്തിയത്. ദക്ഷിണാഫ്രിക്കയിലെ വാട്ടർബർഗ് ബയോസ്ഫിയറിൽ നിന്ന് കൊണ്ടുവന്ന മുതിർന്ന ആൺ ചീറ്റയായിരുന്നു ഉദയ്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.
ചിറ്റകളുടെ പുനരവലോകന പദ്ധതിയിൽ ചത്ത രണ്ടാമത്തെ ചീറ്റയാണ് ഉദയ്. കഴിഞ്ഞ മാസമാണ് നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളിൽ പെട്ട ഷാഷ എന്ന പെൺചീറ്റ വൃക്ക തകരാറിലായതിനെ തുടർന്ന് മരിച്ചത്.
2022 സെപ്തംബർ 17 ന് തന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, നമീബിയയിൽ നിന്ന് ലഭിച്ച മൂന്ന് പെൺ ചീറ്റകൾ ഉൾപ്പെടെ എട്ട് ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിൽ വിട്ടയച്ചിരുന്നു.
അതിനിടെ, നമീബിയയിൽ നിന്ന് കൊണ്ട് വന്ന ചീറ്റപ്പുലികളിൽ ഒന്ന് മാർച്ച് 29 ന് ആരോഗ്യമുള്ള നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ‘സിയായ’ എന്ന അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു
‘പ്രോജക്റ്റ് ചീറ്റ’, ഇന്ത്യയിലെ ചീറ്റകളുടെ പുനരവതരണ പദ്ധതിയാണ്.
ഇന്ത്യയിലെ അവസാനത്തെ ചീറ്റ 1947-ൽ ഇന്നത്തെ ഛത്തീസ്ഗഡിലെ കൊരിയ പ്രദേശത്ത് ചത്തിരുന്നു, 1952-ൽ ഈ ഇനം രാജ്യത്ത് വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.