You are currently viewing ശബരിമല സ്വർണക്കൊള്ള കേസ്: മുൻ തന്ത്രി കണ്ടര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ തന്ത്രി കണ്ടര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തന്ത്രി കണ്ടര് രാജീവരെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഇന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ എസ്‌ഐടി ഓഫീസുകളിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അദ്ദേഹം പങ്കെടുത്തുവെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

വിഗ്രഹങ്ങളിൽ സ്വർണം കുറവാണെന്നും സ്വർണം പൂശണമെന്നുമുള്ള തന്ത്രി നൽകിയ കുറിപ്പ് കളവാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായും, ഇതിന്റെ മറവിലാണ് സ്വർണക്കൊള്ള നടന്നതെന്നുമാണ് എസ്‌ഐടി വിലയിരുത്തൽ.
1998ൽ വിഗ്രഹങ്ങളിൽ സ്വർണം പൊതിഞ്ഞെന്ന വസ്തുത മറച്ചുവച്ചുകൊണ്ടാണ് പിന്നീട് സ്വർണം പൂശാൻ അനുമതി നൽകിയതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി കേസിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി സംശയം ശക്തമാണ്.

ഉണ്ണികൃഷ്ണൻ പോറ്റി (ഒന്നാം പ്രതി), എ. പത്മകുമാർ (മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്), എൻ. വാസു, മുരാരി ബാബു എന്നിവർ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനിടെ, തന്ത്രിയെ ബലിയാടാക്കി മറ്റ് ചിലരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണം രാഹുൽ ഈശ്വർ ഉന്നയിച്ചു.
കേസിൽ തുടർ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു.

Leave a Reply