ബിസിനസ് സ്റ്റാൻഡേർഡിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 19 മാസത്തിനുള്ളിൽ ഒരു ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ ആപ്പിൾ ഇലക്ട്രോണിക്സ് മേഖലയിൽ സൃഷ്ടിച്ചു.
ഗവൺമെന്റിന്റെ സ്മാർട്ട്‌ഫോൺ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമിന് കീഴിൽ ആപ്പിൾ ഐഫോണുകളുടെ വില്പനക്കാരും, നിർമ്മാണ ഘടകങ്ങളുടെ വിതരണക്കാരും ചേർന്നാണ് അവ സൃഷ്ടിച്ചതെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. 2021 ഓഗസ്റ്റിൽ PLI സ്കീം പ്രാബല്യത്തിൽ വന്നതിന് ശേഷം കഴിഞ്ഞ 19 മാസത്തിനുള്ളിലാണ് ഈ പുതിയ തൊഴിലവസരങ്ങളിൽ ഭൂരിഭാഗവും സൃഷ്ടിക്കപ്പെട്ടത്. ഐഫോൺ അസംബിൾ ചെയ്യുന്ന മൂന്ന് വെണ്ടർമാരായ ഫോക്‌സ്‌കോൺ ഹോൺ ഹായ്, പെഗാേട്രാൺ, വിസ്ട്രോൺ എന്നിവർ ചേർന്ന് മൊത്തത്തിൻ്റെ 60 ശതമാനവും സൃഷ്ടിച്ചു.
ശേഷിക്കുന്ന 40 ശതമാനം തൊഴിലവസരങ്ങൾ ഘടകങ്ങളുടെയും ചാർജറുകളുടെയും വിതരണക്കാർ സൃഷ്ടിച്ചതാണ് . ഈ വിതരണക്കാർ 40,000 അധിക ജോലികൾ സൃഷ്ടിച്ചു, ഇവരിൽ ടാറ്റ ഇലക്ട്രോണിക്സ്, സാൽകോംപ്, അവരി, ഫോക്സ്ലിങ്ക് സുൻവോഡ, ജബിൽ തുടങ്ങിയ പേരുകളും ഉൾപ്പെടുന്നു.
2020 ഒക്ടോബറിൽ പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, സ്മാർട്ട്‌ഫോൺ പിഎൽഐ സ്കീമിന് കീഴിൽ അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കുന്നു. ഓരോ നേരിട്ടുള്ള തൊഴിലിനും ഇലക്‌ട്രോണിക്‌സ് നിർമ്മാണത്തിൽ പരോക്ഷമായി മൂന്നിരട്ടിയോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്നും സർക്കാർ കണക്കാക്കുന്നു.
ഈ കണക്കനുസരിച്ച്, ആപ്പിൾ സൃഷ്ടിച്ച പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലുകളുടെ എണ്ണം ഏകദേശം മൂന്ന് ലക്ഷം വരും. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച്, മൊബൈൽ ഉപകരണ നിർമ്മാതാക്കളും അവരുടെ വിതരണക്കാരും പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിച്ച ആകെ തൊഴിലുകളുടെ എണ്ണം ഏഴ് വർഷത്തിനിടെ ഏകദേശം രണ്ട് ദശലക്ഷമാണ്. 2022 ഡിസംബറിൽ ഒരു മാസത്തിനുള്ളിൽ 1 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഐഫോണുകൾ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയാണ് ആപ്പിൾ. 2022 ഏപ്രിൽ-ഡിസംബർ വരെയുള്ള ഒമ്പത് മാസ കാലയളവിൽ 30,000 കോടി രൂപയുടെ കയറ്റുമതി ചെയ്തു, ഇത് രാജ്യത്ത് നിന്നുള്ള മൊത്തം സ്മാർട്ട്‌ഫോൺ കയറ്റുമതിയുടെ 40 ശതമാനമാണ്, റിപ്പോർട്ട് പറയുന്നു.