കമ്പം: തമിഴ്നാട് വനം വകുപ്പിൻ്റെ പിടിയിലായ അരിക്കൊമ്പൻ ആനയെ തിരുനൽവേലിയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കാണ് കൊണ്ടു പോകുന്നതെന്ന് നിലവിൽ പുറത്ത് വരുന്ന വിവരം. തിങ്കളാഴ്ച പുലർച്ചെ 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്.
അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യത ഉള്ളതിനാൽ എവിടേക്ക് മാറ്റുന്നുവെന്ന് ഇപ്പോൾ പറയാനാകില്ലെന്നും തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. അരിക്കൊമ്പനുമായി വെള്ളിമല വനത്തിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
1988-ൽ നിലവിൽവന്ന കടുവാ സങ്കേതമാണ് കളക്കാട് മുണ്ടൻതുറൈ. തിരുനൽവേലിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ യാത്രയുണ്ട് ഇങ്ങോട്ടേക്ക്.
ഇടുക്കിയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രിൽ 29ന് മയക്കുവെടി നൽകി നിയന്ത്രണത്തിലാക്കിയശേഷം ലോറിയിൽ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ഉൾവനത്തിലേക്കു മറഞ്ഞ അരിക്കൊമ്പൻ ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിലെത്തി.
ദിവസങ്ങൾക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ നിരവധി വാഹനങ്ങൾ തകർത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാൾ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിച്ച വനംവകുപ്പ് അധികൃതർ ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കി. പിന്നാലെയാണ് മാസങ്ങൾക്കിടെ രണ്ടാം തവണയും മയക്കുവെടി വച്ചത്.