
ആധുനിക ബഹിരാകാശ അന്വേഷണത്തിലെ ഒരു നിർണായക ഘട്ടം പിന്നിട്ടതായി നാസ അറിയിച്ചു. ആർട്ടെമിസ് II ദൗത്യം ചന്ദ്രനിലേക്കുള്ള യാത്രയുടെ പാതിവഴി പിന്നിട്ടതായി നാസയുടെ ഔദ്യോഗിക X (മുൻ ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ചു. ഒറിയൺ ബഹിരാകാശവാഹനത്തിന്റെ ചിത്രം പങ്കുവെച്ചതോടൊപ്പം ദൂരത്ത് ചെറു ബിന്ദുവായി ചന്ദ്രനും ദൃശ്യമാകുന്നത് ശ്രദ്ധേയമാണ്.

2026 ഏപ്രിൽ 1-ന് വിക്ഷേപിച്ച ആർട്ടെമിസ് II, 1972-ലെ ചരിത്രപ്രസിദ്ധമായ അപ്പോളോ 17 ദൗത്യത്തിന് ശേഷം മനുഷ്യരെ വിദൂര ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ആദ്യ ദൗത്യമാണ്. 10 ദിവസത്തെ ഈ യാത്രയിൽ നാല് അംഗങ്ങളടങ്ങിയ സംഘമാണ് പങ്കെടുക്കുന്നത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് സംഘാംഗങ്ങൾ.
നാസ നൽകുന്ന വിവരമനുസരിച്ച്, ഏപ്രിൽ 6-ന് ചന്ദ്രന്റെ സമീപം കൂടി പറക്കുന്ന ലൂണർ ഫ്ലൈബൈ നടത്തും. ഇതിലൂടെ ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചുള്ള വിലപ്പെട്ട നിരീക്ഷണങ്ങൾ ശേഖരിക്കും. കൂടാതെ, ഭാവിയിലെ ആർട്ടെമിസ് ദൗത്യങ്ങൾക്കായി ഒറിയൺ ബഹിരാകാശവാഹനത്തിന്റെ സംവിധാനങ്ങൾ പരിശോധിക്കുന്നതും ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഭാവിയിൽ മനുഷ്യരെ ഇറക്കുന്നതിനുള്ള ദീർഘകാല ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെയ്പ്പാണ് ആർട്ടെമിസ് II. അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറം മനുഷ്യന്റെ വിദൂര ബഹിരാകാശ യാത്ര വീണ്ടും ആരംഭിക്കുന്നതോടൊപ്പം, പുതിയ ബഹിരാകാശ അന്വേഷണ യുഗത്തിനും ഈ ദൗത്യം വഴിയൊരുക്കുന്നു.