
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം നടത്തി. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ചെറുപ്രായത്തിൽ ഭരണചുമതല ലഭിച്ചപ്പോൾ ആവശ്യമായ വിനയം കാണിക്കാതെ അഹങ്കാരവും ധാർഷ്ട്യവും പ്രകടിപ്പിച്ചതാണ് ആര്യ രാജേന്ദ്രന്റെ പ്രധാന വീഴ്ചയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.’തിരുവനന്തപുരത്തെ മേയര്‍ ആര്യ രാജേന്ദ്രനെ എല്ലാവരും കൂടെ പൊക്കി, അവര്‍ അങ്ങ് പൊങ്ങുകയും ചെയ്തു. ഈ പൊങ്ങച്ചത്തിന്റെ ദോഷം ഉണ്ടായി. ആളുകളോടുള്ള പെരുമാറ്റം മോശമായിരുന്നു. അധികാരത്തിന്റെ ധാര്‍ഷ്ട്യമായിരുന്നു അവര്‍ക്ക്’- വെള്ളാപ്പള്ളി പറഞ്ഞു
അധികാരത്തിലിരിക്കുന്നവർക്ക് വിനയമാണ് ഏറ്റവും പ്രധാനമെന്നും, എന്നാൽ മേയറുടെ സമീപനത്തിൽ അത് കാണാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളോടുള്ള പെരുമാറ്റം മോശമായിരുന്നുവെന്നും, ആളുകളെ ബഹുമാനിക്കാനും മാന്യമായി സമീപിക്കാനും കഴിയാത്തതാണ് രാഷ്ട്രീയത്തിൽ തിരിച്ചടിക്ക് വഴിവെച്ചതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മേയറുടെ ഇത്തരം പെരുമാറ്റദൂഷ്യങ്ങളാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിടാൻ പ്രധാന കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുപ്രവർത്തകർ “വിളയാതെ ഞെളിയരുത്” എന്ന മനോഭാവം ഉപേക്ഷിച്ച് ആളുകളോട് സ്നേഹത്തോടെയും മാന്യതയോടെയും പെരുമാറണമെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. അധികാരം സ്ഥിരമല്ലെന്നും, ജനങ്ങളുടെ പിന്തുണ നിലനിർത്താൻ വിനയവും നല്ല പെരുമാറ്റവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.