
അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമായി, നാസയുടെ ആർട്ടെമിസ് II ദൗത്യത്തിനിടെ ഓറിയൺ ബഹിരാകാശനൗകയിലെ അന്തരീക്ഷയാത്രികർ പകർത്തിയ ആകാശഗംഗയുടെ( മിൽക്കിവേ ഗ്യാലക്സി) അതിസുന്ദരമായ ചിത്രം പുറത്തുവിട്ടു.

2026 ഏപ്രിൽ 7-നാണ് ഈ ചിത്രം പകർത്തിയത്. വിജയകരമായ ചന്ദ്രപര്യടനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഈ ദൃശ്യം ലഭിച്ചത്. ഭൂമിയിൽ നിന്ന് വ്യത്യസ്തമായി, അന്തരീക്ഷത്തിലെ ഇടപെടലുകൾ ഇല്ലാത്തതിനാൽ, ഭൂമിയുടെയും ചന്ദ്രന്റെയും ഇടയിലുള്ള സിസ്ലൂണർ സ്പേസിൽ(ചന്ദ്രനും ഭൂമിക്കും ഇടയിലുള്ള സ്ഥലം)നിന്നുള്ള ഈ ചിത്രം അതീവ വ്യക്തതയോടെ ആകാശഗംഗയുടെ ഘടനയും നക്ഷത്രസമൂഹങ്ങളും അവതരിപ്പിക്കുന്നു.
ആർട്ടെമിസ് II ദൗത്യം, അപ്പോളോ പ്രോഗ്രാമിന് ശേഷം മനുഷ്യരെ ഉൾപ്പെടുത്തി നടത്തുന്ന നാസയുടെ ആദ്യ ഡീപ് സ്പേസ് ദൗത്യമായതിനാൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ഭാവിയിലെ ചന്ദ്രനിലയങ്ങളും ദീർഘകാല മനുഷ്യ ബഹിരാകാശ യാത്രകളും ലക്ഷ്യമാക്കി ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനാണ് ഈ ദൗത്യം.
പുതുതായി പുറത്തുവിട്ട ചിത്രം സാങ്കേതിക മുന്നേറ്റത്തിന്റെ തെളിവായി മാത്രമല്ല, മനുഷ്യർക്കെല്ലാം അപൂർവമായി മാത്രം കാണാനാകുന്ന ആകാശഗംഗയുടെ മനോഹര ദൃശ്യം പങ്കുവയ്ക്കുന്നതിലും ശ്രദ്ധേയമാണ്.