“വിശപ്പ് രഹിത കേരളം” പദ്ധതിക്ക് കീഴിൽ ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ഉച്ചഭക്ഷണത്തിനുള്ള സബ്‌സിഡി ഓഗസ്റ്റ് 1 മുതൽ നിർത്തലാക്കിയതാൽ ഉച്ചയൂണിന് വില 30 രുപയാകും.
പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം നൽകാനും പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യം വച്ചാണ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത് . ഒരു ഊണിന് 10 രൂപ സർക്കാർ സബ്‌സിഡി അനുവദിച്ചിരുന്നു.ഊണിനു 20 രൂപയും പാഴ്‌സലിന് 25 രുപയുമായിരുന്നു വില .ഏകദേശം 2 ലക്ഷം ഊണ് എല്ലാ ദിവസവും വില്ക്കപെടുന്നുണ്ടെന്ന് കരുതുന്നു.
ഇപ്പോൾ സബ്‌സിഡി നിർത്തലാക്കിയതോടെ ഈ ജനപ്രിയ ഹോട്ടലുകളിൽ ഉച്ചയൂണിന് 30 രൂപയും, പാഴ്‌സലിന് 35 രൂപയായും ഉയരും. അവശ്യ സാധനങ്ങളുടെ വില വർദ്ധനകൾ പരിഗണിച്ച് ജനകീയ ഹോട്ടലുകളിലെ ഉച്ച ഭക്ഷണത്തിന്റെ വില നിശ്ചയിക്കുക ഇനി മുതൽ ജില്ലാ ആസൂത്രണ സമിതിയായിരിക്കും.
നടത്തിപ്പ് ചെലവിൽ വരുന്ന ഈ മാറ്റം ഉപഭോക്താക്കൾക്ക് മാത്രമല്ല, ഹോട്ടലുകൾക്കുതന്നെയും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
സർക്കാർ പിന്തുണ പ്രതീക്ഷിച്ച് പൊതു ഹോട്ടൽ മേഖലയിലേക്ക് ഇറങ്ങിയ കുടുംബശ്രീ വനിതകളുടെ ദുരവസ്ഥയാണ് സബ്‌സിഡി പിൻവലിക്കൽ മൂലം ഉയരുന്ന പ്രധാന ആശങ്കകളിലൊന്ന്. സബ്‌സിഡി പെട്ടെന്ന് നിർത്തലാക്കിയത് അവരെ പ്രതിസന്ധിയിലാക്കി. വർദ്ധിച്ച ചിലവുകൾ കൊണ്ട് പിരിമുറുക്കത്തിലായിരുന്നവരെ ഇത് കൂടുതൽ തളർത്തി. ഈ സ്ഥാപനങ്ങളിൽ പലതും നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നു .ചിലത് അടച്ചുപൂട്ടാൻ പോലും നിർബന്ധിതരായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്ഥിതിഗതികളുടെ സങ്കീർണ്ണത വർദ്ധിപ്പിച്ചുകൊണ്ട്, നിരവധി ഹോട്ടലുകൾക്ക് മുൻവർഷത്തെ നവംബർ മുതലുള്ള സബ്‌സിഡി കുടിശ്ശികയുണ്ട്. ഈ തുക ഉടനടി ലഭിക്കാനുള്ള നടപടി സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിൽ ആശ്വാസകരമാവുമായിരുന്നു.