വത്തിക്കാൻ സിറ്റി– ഇരട്ട ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ (88) ഇപ്പോഴും വത്തിക്കാൻ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് വത്തിക്കാൻ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. രോഗാവസ്ഥയ്ക്ക് ഇടയിലും, റോമിലെ ജെമെല്ലി ആശുപത്രിയിൽ നിന്നുകൊണ്ടു തന്നെ അദ്ദേഹം മുതിർന്ന സഹപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധപദവി നൽകാനുള്ള ചില അപേക്ഷകളടക്കം നിരവധി കാര്യങ്ങൾ ചർച്ചയായി.
ഒരു വത്തിക്കാൻ ഉദ്യോഗസ്ഥൻ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ, പാപ്പാ സാധാരണ പോലെ ഭക്ഷണം കഴിക്കുകയും ആശുപത്രിമുറിയിൽ ചുറ്റി നടക്കുകയും ചികിത്സ തുടരുകയും ചെയ്യുന്നു എന്ന് അറിയിച്ചു. പന്ത്രണ്ടു ദിവസമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ ആശുപത്രി താമസം കൂടിയാണ് ഇത്
തിങ്കളാഴ്ച വത്തിക്കാൻ നൽകിയ ഔദ്യോഗിക പ്രസ്താവനയിൽ, പാപ്പായുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണെങ്കിലും “അല്പം മുന്നേറ്റം” ഉണ്ടായിട്ടുണ്ടെന്ന് അറിയിച്ചു. നേരത്തെ റിപ്പോർട്ട് ചെയ്തിരുന്ന “ലഘുവായ കിഡ്നി പ്രവർത്തന കുറവ്” ഗുരുതരമല്ലെന്നും വിശദീകരിച്ചു.
ഇതിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പാപ്പായെ സന്ദർശിച്ചു. അതേസമയം, വിശ്വാസികൾ ആയിരക്കണക്കിന് പേർ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥന നടത്തി.
