You are currently viewing ആറ്റുകാൽ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകൾ ഉൾപ്പെടെ ആരോഗ്യ വകുപ്പ് വിപുലമായ സൗകര്യങ്ങൾ ഒരുക്കി
ആറ്റുകാൽ പൊങ്കാല /ഫോട്ടോ- കടപ്പാട് -Maheshsudhakar

ആറ്റുകാൽ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകൾ ഉൾപ്പെടെ ആരോഗ്യ വകുപ്പ് വിപുലമായ സൗകര്യങ്ങൾ ഒരുക്കി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങൾ ഒരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പൊങ്കാലയ്ക്ക് എത്തുന്ന ഭക്തജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി വിവിധ ചികിത്സാ സൗകര്യങ്ങൾ, മെഡിക്കൽ ടീമുകൾ, ആംബുലൻസുകൾ എന്നിവ സജ്ജമാക്കിയിരിക്കുകയാണ്.

ഉയർന്ന ചൂട് മൂലം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ചികിത്സ ലഭ്യമാക്കാൻ നഗരത്തിലെ തിരഞ്ഞെടുത്ത പ്രധാന ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഹീറ്റ് ക്ലിനിക്കുകൾ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. സൂര്യാതപം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനായി കൂളർ, ഫാൻ, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്ലൂയിഡ്, ഒആർഎസ്, ക്രീമുകൾ എന്നിവയും ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

പൊങ്കാലയുമായി ബന്ധപ്പെട്ട ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10 മെഡിക്കൽ ടീമുകളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ഇവർ ആംബുലൻസുകൾ ഉൾപ്പെടെ സജ്ജമാകുമെന്നു മന്ത്രി പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും സേവനം നൽകും.

പൊങ്കാലയ്ക്ക് പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ നഗരത്തിലെ പ്രധാന ആശുപത്രികളിൽ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ദ്ധർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമും 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, തൈക്കാട് വനിതാ-കുട്ടികൾ ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ 10 കിടക്കകൾ വീതം മാറ്റിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രധാന കേന്ദ്രമായി പ്രവർത്തിക്കും.

ആരോഗ്യ വകുപ്പ്, സ്വകാര്യ ആശുപത്രികൾ, മറ്റ് ഏജൻസികൾ എന്നിവയുടെ സഹായത്തോടെ ആറ്റുകാൽ പൊങ്കാലയിലേക്കായി 108 കനിവ് ആംബുലൻസുകൾ ഉൾപ്പെടെ 11 ആംബുലൻസുകൾ, ബൈക്ക് ഫസ്റ്റ് റസ്പോണ്ടറുകൾ, ഐസിയു ആംബുലൻസ്, 10 അധിക ആംബുലൻസുകൾ എന്നിവ വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നഗര പരിധിയിലെ അർബൻ ഹെൽത്ത് സെന്ററുകൾ പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളായും ഫീൽഡ് ഹോസ്പിറ്റലുകളായും പ്രവർത്തിക്കും. ഉത്സവത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിക്കും.

പൊങ്കാലക്കായി എത്തുന്ന സ്ത്രീകൾ, മുതിർന്നവർ, കുട്ടികൾ എന്നിവരുടെ ആരോഗ്യ സുരക്ഷയ്ക്ക് ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. ഉയർന്ന ചൂട് മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർ സമീപമുള്ള ഹീറ്റ് ക്ലിനിക്കുകളോ മെഡിക്കൽ ടീമുകളോയുടെ സേവനം തേടണമെന്ന് നിർദേശിച്ചു.


Leave a Reply