You are currently viewing മെട്രോ ഫീഡർ ബസിൽ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് മണിക്കൂറുകൾക്കകം കണ്ടെത്തി;  പോലീസ് ലെയ്സൺ ഓഫീസർ എസ്‌ഐ സാബു വർഗീസിന് അഭിനന്ദനം

മെട്രോ ഫീഡർ ബസിൽ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് മണിക്കൂറുകൾക്കകം കണ്ടെത്തി; പോലീസ് ലെയ്സൺ ഓഫീസർ എസ്‌ഐ സാബു വർഗീസിന് അഭിനന്ദനം

കൊച്ചി: മെട്രോ ഫീഡർ ബസിൽ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകിയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പോലീസ് ലെയ്സൺ ഓഫീസറും എസ്‌ഐയുമായ സാബു വർഗീസും സംഘവും പ്രശംസ നേടിയത്. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പിന്തുടർന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ ഫോർട്ട് കൊച്ചിയിൽ നിന്നാണ് ബാഗ് വീണ്ടെടുത്തത്.

നവംബർ 17 തിങ്കളാഴ്ച രാവിലെ പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം മാത്യുവും കുടുംബവും നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ആലുവയിലേക്ക് പോകുന്നതിനായി മെട്രോ ഫീഡർ ബസിൽ കയറിയപ്പോഴാണ് സംഭവം. യാത്രയ്ക്കിടെ എബ്രഹാമിന്റെ വിലപ്പെട്ട രേഖകളും മറ്റ് സാധനങ്ങളും അടങ്ങിയ ബാഗ് ബസിൽ വെച്ച് നഷ്ടപ്പെട്ടു. ആലുവയിൽ എത്തിയ ശേഷമാണ് ബാഗ് നഷ്ടമായ വിവരം ഇദ്ദേഹം തിരിച്ചറിഞ്ഞത്.
പരാതി ലഭിച്ചതിനെ തുടർന്ന് ഫീഡർ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, സഹയാത്രികനായിരുന്ന ഒരാൾ ബാഗ് കൈക്കലാക്കി ആലുവയിൽ ഇറങ്ങിപ്പോകുന്നതായി വ്യക്തമായി. തുടർന്ന് എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചതോടെ, ഇയാൾ ഒരു സുഹൃത്തിനെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തിയതും അവിടെ നിന്നാണ് ബസിൽ കയറിയതുമാണെന്ന് കണ്ടെത്തി.

ഇയാൾ എയർപോർട്ടിലെത്തിയ വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയെങ്കിലും യാത്രക്കാരനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ, ഇയാളെ വാഹനത്തിൽ കയറ്റിയ ലൊക്കേഷൻ അന്വേഷണത്തിന് നിർണ്ണായകമായി. ഈ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തി. തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിൽ ഇയാൾ ഫോർട്ട് കൊച്ചിയിൽ ഉണ്ടെന്ന സൂചന ലഭിച്ചു. പ്രതിയുടെ സുഹൃത്തുക്കളെ കണ്ടെത്തിയ ശേഷം അവരുടെ വഴിയാണ് ഇയാളെ ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെത്തിച്ചത്. നഷ്ടപ്പെട്ടതിന് 12 മണിക്കൂറിനുള്ളിൽ, വൈകിട്ട് 7 മണിയോടെ ബാഗ് ഉടമയ്ക്ക് തിരികെ ലഭിച്ചു.

കൃത്യമായ ആസൂത്രണവും സമയബന്ധിതമായ ഇടപെടലും വഴി ഉത്തരവാദിത്തത്തോടെ അന്വേഷണം പൂർത്തിയാക്കിയ എസ്‌ഐ സാബു വർഗീസിനെ കൊച്ചി മെട്രോയ്ക്ക് വേണ്ടി ലോക്നാഥ് ബെഹ്റയും കേരള പോലീസിന് വേണ്ടി ആലുവ റൂറൽ എസ്‌പി എം. ഹേമലതയും പ്രശസ്തിപത്രം നൽകി അഭിനന്ദിച്ചു.

Leave a Reply