ലണ്ടൻ: കന്നഡ സാഹിത്യത്തെ ആഗോളമാനത്തിൽ ഉയർത്തി, പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ബാനു മുഷ്താഖ് ഇന്റർനാഷണൽ ബുക്കർ പുരസ്കാരം നേടി. ദക്ഷിണേന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ജീവിതവും പോരാട്ടങ്ങളും ആഴത്തിൽ ചിത്രീകരിക്കുന്ന ചെറുകഥാസമാഹാരമായ ‘ഹാർട്ട് ലാംപ്’ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്
30 വർഷത്തിലേറെയായി എഴുതിയ 12 കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. കന്നഡയിൽ എഴുതിയ ഈ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ മാധ്യമപ്രവർത്തക ദീപാ ഭസ്തിയാണ് നിർവഹിച്ചത്. ബാനു മുഷ്താഖ് ഇന്റർനാഷണൽ ബുക്കർ നേടുന്ന ആദ്യ കന്നഡ എഴുത്തുകാരിയാണ്. പുരസ്കാരത്തുകയായ ഏകദേശം 55 ലക്ഷം രൂപയും ട്രോഫിയും എഴുത്തുകാരിയും വിവർത്തകയും പങ്കിടും
ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റു കൃതികളെ പിന്തള്ളിയാണ് ‘ഹാർട്ട് ലാംപ്’ പുരസ്കാരം നേടിയത്. ഒരു ചെറുകഥാ സമാഹാരത്തിന് ഈ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. ബാനുവിന്റെ കഥകൾ ദക്ഷിണേന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ജീവിതത്തെ അതിന്റെ യാഥാർത്ഥ്യത്തിൽ അവതരിപ്പിക്കുന്നവയാണെന്ന് ജൂറി അംഗങ്ങൾ പറഞ്ഞു.
ബാനു മുഷ്താഖ് മുൻപ് കർണാടക സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2022-ൽ ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ടൂം ഓഫ് സാൻഡ്’ക്ക് ശേഷം ഇന്ത്യയിൽ നിന്ന് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ എഴുത്തുകാരിയാണ് ബാനു
