
തിരുവനന്തപുരം:കേരള കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം രാജശേഖരൻ യുഡിഎഫിൽ ചേരാൻ നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി. ഇതിൻറെ ഭാഗമായി താൻ ഉൾപ്പെടെയുള്ള നേതാക്കളുമായി സംസാരിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഈ താൽപര്യത്തിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് ലൈസൺ കമ്മിറ്റി അദ്ദേഹത്തെ സഹകരിപ്പിക്കാൻ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പിന്നീട് അപ്രതീക്ഷിതമായി നിലപാട് മാറ്റിയ രാജശേഖരൻ, യുഡിഎഫിൽ ചേരാൻ താൽപര്യമില്ലെന്ന് അറിയിച്ചതായി മുരളീധരൻ പറഞ്ഞു. ഈ നിലപാട് മാറ്റം എൻഡിഎയുമായി വിലപേശലിന്റെ ഭാഗമായിരിക്കാമെന്ന സംശയവും അദ്ദേഹം ഉയർത്തി.
കാമരാജ് ഒരു യഥാർത്ഥ നേതാവായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പാർട്ടിയിലെ ഒരാൾ ഇത്തരമൊരു സമീപനം സ്വീകരിക്കരുതായിരുന്നുവെന്നും മുരളീധരൻ വിമർശിച്ചു. രാഷ്ട്രീയത്തിൽ വിശ്വാസ്യത അത്യന്തം പ്രധാനമാണെന്നും, അതില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.