സിലിഗുരി, പശ്ചിമ ബംഗാൾ: മഹാനന്ദ വന്യജീവി സങ്കേതത്തിന്റെ അതിരുകളിൽ സ്ഥിതി ചെയ്യുന്ന ബംഗാൾ സഫാരി പാർക്കിലേക്ക് രണ്ട് സിംഹങ്ങളെ കൊണ്ടുവരാൻ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ പച്ചക്കൊടി ലഭിച്ചു.
“ബംഗാൾ സഫാരി പാർക്കിലെ ആദ്യ ലയൺ സഫാരി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,” പശ്ചിമ ബംഗാൾ മൃഗശാല അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി സൗരവ് ചൗധരി പറഞ്ഞു. “ജനുവരി 7 നും 23 നും ഇടയിൽ ത്രിപുര സുവോളജിക്കൽ പാർക്കിൽ നിന്ന് ഈ സിംഹങ്ങൾ എത്തിച്ചേരും.”
നോർത്ത് ബംഗാൾ വൈൽഡ് അനിമൽ പാർക്ക് എന്നറിയപ്പെടുന്ന ബംഗാൾ സഫാരി പാർക്ക് 297 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്നു, സന്ദർശകർക്ക് പ്രകൃതിയുടെ മഹത്വം അടുത്ത് കാണാൻ ഇത് അവസരം നൽകുന്നു. താമസിയാതെ എത്തിച്ചേരുന്ന സിംഹങ്ങൾക്കൊപ്പം റോയൽ ബംഗാൾ കടുവകൾ,ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ,മുതലകൾ,പുള്ളിപ്പുലികൾ,ഏഷ്യൻ കറുത്ത കരടികൾ എന്നിവയുമുണ്ടു.ഇതു കൂടാതെ ധാരാളം പക്ഷികളുടെയും ആവാസകേന്ദ്രമാണ് പാർക്ക്
സിംഹങ്ങൾക്കായി വിശാലമായ ചുറ്റുമതിൽ ഒരുക്കുന്നതിനും അവയുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവയ്ക്ക് വളരാൻ പ്രകൃതിദത്തമായ ആവാസ വ്യവസ്ഥ ഒരുക്കുന്നതിനുമുള്ള തിരക്കിലാണ് പാർക്ക് അധികൃതർ. സിംഹങ്ങൾ വന്നയുടനെ അവരുടെ പുതിയ വീട്ടിൽ സ്വതന്ത്രമായി വിഹരിക്കുന്നത് സന്ദർശകർക്ക് കാണാൻ സാധിക്കും,ഇത് ആവേശകരവും അവിസ്മരണീയവുമായ അനുഭവം സന്ദർശകർക്ക് പ്രദാനം ചെയ്യും