
തിരുവനന്തപുരം: കേരളത്തിലോടുന്ന വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട യാത്രക്കാരുടെ ദീർഘകാല പരാതികൾക്ക് പരിഹാരമായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഏറെക്കാലമായി കേരളത്തിലെ യാത്രക്കാർ പരാതിപ്പെട്ടിരുന്നത് ഭക്ഷണത്തെക്കുറിച്ച് ആണെന്ന് സുരേഷ് ഗോപി പറഞ്ഞു

വന്ദേ ഭാരത് ട്രെയിനുകളിൽ മുമ്പ് വടക്കേ ഇന്ത്യയിൽ സാധാരണയായി ലഭിക്കുന്ന ഭക്ഷണ വിഭവങ്ങളായിരുന്നു കൂടുതലും വിതരണം ചെയ്തിരുന്നത്. ഇത് കേരളത്തിലെ യാത്രക്കാരുടെ ഭക്ഷണരുചികളോട് പൊരുത്തപ്പെടാത്തതിനെ തുടർന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇപ്പോൾ പഴയ സാഹചര്യത്തിൽ വ്യക്തമായ മാറ്റം വന്നതായും, വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായും മന്ത്രി പറഞ്ഞു. പ്രാദേശിക രുചിക്ക് അനുയോജ്യമായ ഭക്ഷണം ലഭ്യമാകുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.