You are currently viewing ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവച്ചു; ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധം

ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവച്ചു; ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധം

തിരുവനന്തപുരം: ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവച്ചതായി അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കീഴ്ക്കോടതി വെറുതെവിട്ടതിനെത്തുടർന്ന് അദ്ദേഹത്തെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെയാണ് ഭാഗ്യലക്ഷ്മി ശക്തമായി പ്രതിഷേധിച്ചത്.

സിനിമാ സംഘടനകൾ ദിലീപിന് പിന്തുണ നൽകാന്‍ കാണിച്ച “ആവേശം” തന്നെ വേദനിപ്പിച്ചു എന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. കീഴ്ക്കോടതിയുടെ വിധി അന്തിമമല്ലെന്നും കേസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും തുടരുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പണവും സ്വാധീനവുമുള്ളവർക്കൊപ്പമാണ് സംഘടനകൾ നിൽക്കുന്നതെന്നും അവർ പറഞ്ഞു.

ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരെ ഭാഗ്യലക്ഷ്മി രൂക്ഷമായ വിമർശനമുയർത്തി. അതിജീവിതയുടെ മാനസികാവസ്ഥ മനസ്സിലാക്കാനും അവരുമായി ആശയവിനിമയം നടത്താനും സംഘടന ശ്രമിക്കാത്തതായും അവർ ആരോപിച്ചു.

നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള തീരുമാനം പരിഗണിക്കാമെന്ന ബി. ഉണ്ണികൃഷ്ണന്റെ പ്രസ്താവനയാണ് രാജിക്കുള്ള പ്രധാന കാരണമായി മാറിയത്. ഇനി ഒരു സിനിമാ സംഘടനയുടെയും ഭാഗമാകില്ലെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചു.

Leave a Reply