പൂനെ: ഇന്ത്യയുടെ കാലാവസ്ഥാ പ്രവചനത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ഭാരത് ഫോറ്കാസ്റ്റ് സിസ്റ്റം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മെറ്റിയോറോളജി , പൂനെ വികസിപ്പിച്ച ഈ പുതിയ സിസ്റ്റം ഇന്ത്യയുടെ തന്നെ സാങ്കേതികവിദ്യയിൽ അടിസ്ഥാനമിട്ടതാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഇത് രാജ്യത്താകമാനം നടപ്പിലാക്കുന്നു.
ബിഎഫ്എസ് ലോകത്തിലെ ഏറ്റവും ഉയർന്ന റെസല്യൂഷനിലുള്ള കാലാവസ്ഥാ പ്രവചന സിസ്റ്റമാണ്. 6 കിലോമീറ്റർ x 6 കിലോമീറ്റർ റെസല്യൂഷനിലാണ് പ്രവചനങ്ങൾ. ഇതോടെ ഗ്രാമ പഞ്ചായത്തുകൾക്ക് വരെ വിശദമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ ലഭ്യമാകും. മുൻകാല മോഡലുകളിൽ 12 കിലോമീറ്ററായിരുന്നു റെസല്യൂഷൻ.
40 ഡോപ്പ്ലർ റഡാറുകൾ, അത്യാധുനിക ‘അർക്ക’ സൂപ്പർകമ്പ്യൂട്ടർ (11.77 പീറ്റാഫ്ലോപ്പ്സ്, 33 പീറ്റാബൈറ്റ്സ് സ്റ്റോറേജ്) എന്നിവയുടെ പിന്തുണയോടെ ബിഎഫ്എസ് പ്രവർത്തിക്കുന്നു. ശക്തമായ മഴ, ചുഴലിക്കാറ്റ്, മൺസൂൺ വ്യതിയാനങ്ങൾ, ക്ലൗഡ്‌ബർസ്റ്റ്, ഫ്‌ളാഷ് ഫ്‌ളഡ് എന്നിവയുടെ പ്രവചനത്തിൽ ബിഎഫ്എസ് 30% വരെ മെച്ചപ്പെട്ട കൃത്യത ഉറപ്പാക്കുന്നു. മൺസൂൺ പ്രധാന മേഖലകളിൽ 64% വരെ കൂടുതൽ കൃത്യതയാണുള്ളത്.
ഭാരത് ഫോറ്കാസ്റ്റ് സിസ്റ്റം കാർഷികം, ദുരന്തനിവാരണ സംവിധാനം, നഗര പദ്ധതികൾ, ഗതാഗതം, പ്രതിരോധം, ജലവൈദ്യുതി, വ്യോമയാന മേഖലകൾ എന്നിവയ്ക്ക് വലിയ സഹായമാകും. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉയർന്നുവരുന്ന അത്യന്തം പ്രതികൂലമായ കാലാവസ്ഥാ സംഭവങ്ങൾ നേരിടാൻ ഇന്ത്യയ്ക്ക് ബിഎഫ്എസ് വലിയ പിന്തുണ നൽകും.